Friday, December 18, 2009

മൊഴിമാറ്റം

കവിത - മൊഴിമാറ്റം

വാണിഭം വിളമ്പിയ പത്രത്താളുകൾ
വാതായനത്തിൽ പെരുകുന്നു.
ഐസ്ക്രീം കൊതികൊണ്ട പലരും
കുളിരിൽ മതിമറന്നു മധുവിൽ മലകയറി.
ക്രീമിൽ പല വർണ്ണങ്ങൾ മാറി പടർന്നു
ചില വർണ്ണങ്ങൾ തെന്നിത്തെളിഞ്ഞു.

ഗതിമുട്ടി തുടികൊണ്ടവരാരോ സാമൂഹ്യ-
മാനത്തിൻ ചിതയ്ക്കു തീ കൊളുത്തി
ചിതയിൽ എല്ലാം അടങ്ങുമെന്നത്‌
പഴമപ്പഴക്കം ചിതയിൽ പലതും
മുളയ്ക്കുമെന്നത്‌ പുതുപ്പഴക്കം.

ഈ ചിത പുകയുമ്പോൾ ദുർഗന്ധം
ചന്ദനകട്ടികൾ എത്ര ചേർത്തിട്ടും-
പണപ്പെട്ടികൾ എത്ര കൊട്ടിയിട്ടും
ചിതയിൽ നിന്നുയരും ദുർഗന്ധം തടുക്കാൻ
കൊടി കെട്ടിയ കാറുകൾ ചീറിപ്പറക്കുന്നു.

ഗന്ധം ദുർഗന്ധമെന്ന് വായ്തുറന്ന-
പലരും വായ്‌ പിളർന്നു പൊത്തി-
അർത്ഥ കൂമ്പാരത്തിനു മുന്നിൽ

മലയാളക്കരയുടെ മാനത്തിൻ അടിക്കല്ലിളക്കും
ചാനൽ നാടകങ്ങൾ വിളമ്പുന്നു മാനം വിറ്റ
കഥകൾ പൊടിപ്പും തൊങ്ങലുമാവോളം ചേർത്ത്‌

ചിതയിലെ കൊള്ളികൾ കണ്ണുനീർ പൊഴിച്ചു
മുതല-കണ്ണീരതെന്നറിഞ്ഞില്ലാരും

കാലപ്പഴക്കത്തിൽ കണ്ണീർ തുടച്ചവർ
മൊഴികൾ മറിച്ചുവിറ്റു ചിതലരിച്ച-
മേൽക്കൂരകൾക്ക്‌ ബദൽ ഭവനങ്ങളുയർന്നു.
കൊള്ളികൾ തൻ യോഗം വിലപേശിവിറ്റ
മാംസത്തിന്നിരിയ്ക്കാൻ ശീതീകരിച്ച വാഹനം

തീയണഞ്ഞു പണമഴയിൽ പുകമാത്രം
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു
പുകമറതീർത്ത മാന്യരെ തഴുകി മറഞ്ഞു.


© മൻസൂർ ആലുവിള.

Friday, November 20, 2009

കവിത-വിദൂര വിസ്മയം
വിദൂര വിസ്മയം


വിദൂര വിസ്മയത്തിൽ അലിഞ്ഞവൾ
മിഴിനട്ടുനിൽപ്പതാരെ നോക്കി..
വടിവൊത്തമേനിയതിൽ അഴകേറും
കാർക്കൂന്തൽ തഴുകി തലോടും മൃദുകരങ്ങൾ

വിശറിപ്പനയവൾക്കായ്‌ വീശുമിളംകാറ്റിൻ
തഴുകലിനാലവളുടെ മനം കുളിർക്കെ
കൈപിന്നിൽ പിണച്ചുലാത്തുമവൾ
ദർഭമുനകൊണ്ട ശകുന്തളയെ ഉണർത്തി

പാടവരമ്പത്തിലവളുടെ പാദസരങ്ങൾ തന്നൊലി
ജലകണങ്ങൾ തൻ താളമേളത്തിൽ പൊലിഞ്ഞു.

പാടത്തെ ജലത്തിലൊരു പരൽ മീൻ
തന്നിണയെന്നു കരുതിയവളുടെ കണ്ണുകളെ മാടിവിളിക്കുന്നു
പരൽമീനിൻ കുറുമ്പിൽ നാണം കൊണ്ടവൾ
പാതികൂമ്പിയ മിഴികളാലവനെ മറുക്കുന്നു

തൈതെങ്ങോല കൾക്കിടയിലൂടെ തറവാടിൻ
പടിപ്പുരയവളെ മഴയെന്നുണർത്തവെ..
മൃദുപാദങ്ങളാൽ പുൽക്കൊടികൾക്ക്‌ പുളകം തീർത്തവൾ
പടിപ്പുരതൻ കരവലയത്തിലമർന്നു.ഇഷ്ടമായെങ്കിൽ അഭിപ്രായം അറിയിക്കുമല്ലോ....

സ്നേഹപൂർവ്വം

© മൻസൂർ ആലുവിള.

Tuesday, November 10, 2009

"ദേവലോകം" ഹാസ്യ നാടകം.

കാലാലയ നാൾ വഴികളിൽ രചനാ സംവിധാനം നിർവ്വഹിച്ച്‌ അവതരിപ്പിച്ച ഒരു ചെറു ഹാസ്യ നാടകം..ഇതാ നിങ്ങൾക്കയ്‌..അനുഭവിച്ചാലും അനുഗ്രഹിച്ചാലും...


"ദേവലോകം"


രംഗം-ഒന്ന്

രാജസദസ്സിനോട്‌ തുല്ല്യമായ രംഗസജ്ജീകരണങ്ങൾ ദേവലോകത്തിലെ അപ്സര റാണിയായ മേനകയുടെ കൊട്ടാരം.

...കർട്ടൻ ഉയരുന്നു......

രംഗത്ത്‌ നടനം പ്രക്ടീസ്‌ ചെയ്യുന്ന മേനകയും, ടീച്ചറും...

ക്ലാസ്സ്‌ നടക്കുന്നു...

തകധിമി...തകജ്ണു..തകധിമി...തകജ്ണു, തകധിമി...തകജ്ണു..നിലത്ത്‌ ചമ്രം പിണഞ്ഞിരിക്കുന്ന ടീച്ചർ താളം പിടിക്കുന്ന വട്ടപലകയും കോലുമായ്‌ നല്ല ഈണത്തിൽ മുന്നേറുന്നു...തകധിമി...തകജ്ണു..തകധിമി..തകജ്ണു

ഗ്ലാമർ മക്സിമം പുറത്ത്കാണുന്ന വിധത്തിൽ "മാന്യമായ" വസ്ത്രധാരണത്തോടെ മേനക താളത്തിനൊത്ത്‌ തന്റെ അംഗലാവണ്യം പ്രകടിപ്പിക്കുന്ന നൃത്തച്ചുവടുകൾ വെയ്ക്കുന്നു...തകധിമി...തകജ്ണു..തകധിമി...തകജ്ണു

ടീച്ചർ: കുറച്ച്‌ കൂടി ലാസ്യം ആയിക്കോളൂ കുട്ടീ എങ്കിലെ ഇവനെയൊക്കെ വീഴ്ത്താൻ പറ്റുകയുള്ളു..!!
മേനക: ശരി മാഡം...
(മേനക കൂടുതൽ വളഞ്ഞു പുളഞ്ഞ്‌ ലാസ്യം ടോപ്‌ ഗിയറിലേക്ക്‌ മാറ്റി ആടാൻ തുടങ്ങി...)
ക്ലാസ്സ്‌ പുരോഗമിക്കവെ

നാരായണ...നാരയണ...

നാരദൻ രംഗപ്രവേശനം ചെയ്യുന്നു..
(ജഗതീ ശ്രീകുമാറിന്റെ ആദ്യകാല രൂപഭാവങ്ങളോടെ വേണം നാരദരെ അവതരിപ്പിയ്ക്കുവാൻ)

നാരദൻ: മേനകേ.....!!!!!!

മേനക: നാരേട്ടാ...!!!!! (പഴയകാല നായികമാരുടെ ടോണിൽ)

(ബാഗ്രവ്ണ്ട്‌ മ്യുസിക്‌..മേനകയുടെ ഓരോ ചുവടിനും..ചിം..ഛക്‌....ചിം..ഛക്‌...)

നാരദൻ: എന്തേ നടനം നിർത്തിയത്‌..?

മേനക:അങ്ങയുടെ മുന്നിൽ ആടാൻ ഏനിക്ക്‌...നാണമാകുന്നു...മേനി നോകുന്നു...!!

നാരദൻ:നാം നിന്റെ ക്യാബറേ നടനത്തിൽ മതിമറക്കാൻ എത്തിയതായിരുന്നു..നമ്മെ നിരോഷയാക്കരുത്‌..ആടൂ പ്രിയെ ആടൂ..വല്ല വെള്ളമോ തണ്ണിയോ വേണമെങ്കിൽ പറയൂ പ്രിയെ...പറയൂ..

(ഈ ലീലാ വിലാസങ്ങൾ കണ്ട്‌ വായും പൊളിച്ച്‌..താളം പിടിച്ച പലകയിൽ സ്റ്റിൽ പൊസ്സിഷനിൽ കൈയ്യിൽ കോലുമായിരിക്കുന്ന ടീച്ചറിനോട്‌ മേനക)

ടീച്ചർ ഞാൻ തളർന്നു ഇനി നാളെയാകാം പഠനം.!.

ടീച്ചർ: നമ്മൾ ഇപ്പോൾ തുടങ്ങിയിട്ടല്ലെയുള്ളൂ...?

(ടീച്ചർ കടിച്ച്‌ തൂങ്ങാൻ അവസാന ശ്രമം നടത്തിനോക്കി)

നാരദൻ: ഒന്നു പോയിത്താ..പെങ്ങളെ..

(ടീച്ചർ ഫ്രീ ഷോ നഷ്ടപെട്ട നിരാശയിൽ നടന്നു നീങ്ങുന്നു...)(പിന്നണിയിൽ നിന്നും ..നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനമൊരുക്കീ...എന്ന ഗാനം രണ്ട്‌ വരി കേൾപ്പിക്കാം)

മേനക കൂടുതൽ ശൃംഗാര ഭാവത്തോടെ.

ഭവാനു കുടിക്കാൻ നവരസമോ...പുളിരസമോ എന്തെങ്കിലും..?

നാരദൻ: നിന്റെ സാമിപ്യം തന്നെ നമ്മെ മത്തുപിടിപ്പിക്കുന്നു അതെന്തിനു വെറുതെ പുളിവെള്ളം കുടിച്ച്‌ നശിപ്പിക്കണം..!!

മേനക: നമ്മുടെ ഈ പ്രണയം ദേവലോകം അംഗീകരിക്കുമോ നാരേട്ടാ..!!!

നാരദൻ: ഇവിടെ അംഗീകരിച്ചില്ലെങ്കിൽ നമുക്ക്‌ ഭൂമിയിലേക്ക്‌ ഒളിച്ചോടാം

മേനക: അവിടെ മെയ്യനങ്ങാതെ ജീവിക്കാൻ പറ്റുമോ..?

നാരദൻ:അവിടെ ഗ്ലാമറിനു നല്ല സ്കോപ്പാ...!!

മേനക: അപ്പോൾ നമ്മുടെ ഹണിമൂൺ..?

നാരദൻ:ഊട്ടി, കൊടൈക്കനാൽ, കാശ്മീർ, അങ്ങനെ അടിച്ചു പൊളിക്കാം

മേനക: കാശ്മീരിൽ ഭയങ്കര വെടിവെപ്പ്‌ ആണെന്നാണല്ലോ അറിഞ്ഞത്‌ നാരേട്ടാ..!!!

നാരദൻ:വെടികൾക്ക്‌ എവിടെ ചെന്നാലും കുറവില്ല...ഇവിടെ വല്ല കുറവുമുണ്ടോ..?

മേനക:ഒന്ന് പോ നാരേട്ടാ..എപ്പൊഴും ഇങ്ങനെ കളിയാക്കതെ..!!

(നാണത്തോടെ മേനക നാരദന്റെ കൈകളിൽ പിടിക്കുന്നു..ആകെ കുളിരുകോരി നാരദൻ ഒന്നു പുളഞ്ഞുകൊണ്ട്‌ വിറയ്ക്കുന്ന ശബ്ദത്തിൽ)

മേനകേ...............!!!!!

മേനക: എന്റെ നാരേട്ടാ..!!!!

(സ്റ്റിൽ പൊസ്സിഷനിൽ നാരദരും മേനകയും ...സ്റ്റേജ്‌ ലെയ്റ്റ്കൾ ഡിം ചെയ്ത്കൊണ്ട്‌ പിന്നണിയിൽ നിന്നും ഇനിയുള്ള ഡയലോഗ്‌ കേൾപ്പിക്കാം )..."ടീച്ചറമ്മ പാരയടിച്ചു" ദേവേന്ദ്രന്റെ കാതിൽ അന്തപുര വിശേഷങ്ങൾ അൽപം മസാല ചേർത്ത്‌ വിളമ്പി, തന്റെ സ്വത്തിൽ കൈ വെയ്ക്കനുള്ള നാരദന്റെ ശ്രമം അറിഞ്ഞ ദേവേന്ദ്രൻ അവരുടെ സ്വർഗ്ഗ രാജ്യത്തിലേയ്ക്ക്‌ ലാൻഡ്‌ ചെയ്യുന്നു")

....സ്റ്റേജ്‌ ലെയ്റ്റ്കൾ വീണ്ടും തെളിയുന്നു...

ദേവേന്ദ്രൻ വന്നതറിയാതെ കണ്ണും പൂട്ടി മതിമറന്നിരിക്കുന്ന അവരുടെ മുന്നിലൂടെ കോപത്തോടെ ഇന്ദ്രൻ ഉലാത്തുന്നു...(ഇന്ദ്രന്റെ രൂപഭാവങ്ങൾ..വസ്ത്രങ്ങൾ ആഭരങ്ങൾ കൊണ്ടു കിലുങ്ങുന്ന രീതിയിൽ, ഒരു രാജാപാർട്ട്‌ കിരീടം, അരയിലൊരു വാൾ ഉറയിലിട്ടത്‌, കൂർത്ത്‌ അഗ്രം വളഞ്ഞരീതിയിലുള്ള ചെരുപ്പ്‌(കാശില്ലയെങ്കിൽ സിൽപ്പറിട്ടും അഡ്ജസ്റ്റ്‌ ചെയ്യാം) ഇന്ദ്രന്റെ ഉലാത്തൽ പെടെക്സ്സ്‌ അൽപ്പം പിന്നിലേയ്ക്ക്‌ തള്ളി ശരീരം മുന്നിലേക്കു അൽപം വളഞ്ഞ്‌ ശരീരം ആസകലം കുലുക്കി വേണം)

സിംഹഗർജ്ജനത്തോടെ ഇന്ദ്രൻ

!!!!!..മേനകേ..!!!!

ഞെട്ടലോടെ മേനക

അയ്യോ..ദേവൻ...!!!

നാരദൻ: നാരായണ...നാരായണ...

ഇന്ദ്രൻ: എന്ത്‌...ദേ.."വേന്ദ്രനായ" നമ്മുടെ ദേവലോകത്ത്‌ പ്രണയമോ...ബ്‌ ഹ്‌ ഹ ഹ...(കൊലച്ചിരിയോടെ അരയിലിരിക്കുന്ന വാൾ ഉറയിൽ നിന്നൂരുന്നു തിരികെ ഇടുന്നു വീണ്ടും ഊരുന്നു തിരികെ ഇടുന്നു (ശുക്‌..ഷിക്‌..ശുക്‌..ഷിക്‌.)

നരദൻ: പ്രണയമോ? നാരായണ..നാരായണ..നിത്ത്യബ്രഹ്മചാരിയായ നമ്മെക്കുറിച്ച്‌ ആരോപണം ഉന്നയിക്കരുത്‌..


ഇന്ദ്രൻ: പിന്നെന്താണു ഈ ലൈൻ കണെക്റ്റായ്‌ ഇരിക്കുന്നത്‌..

മേനക ലൈൻ മാറ്റി.. ഒറ്റകുതിപ്പിനു നാരദന്റെ കൈവിട്ട്‌ വാളുമായ്‌ വിറച്ച്‌ തുള്ളുന്ന ഇന്ദ്രന്റെ കൈയ്യിൽ പിടുത്തമിട്ടു.

മേനക: ദേവാ...!!!

(കണ്ണുകൊണ്ടു നാരദനു രക്ഷപെടാനുള്ള സിഗ്നൽ കൊടുക്കുന്നു)

നാരദൻ: മേനകേ..(ഇന്ദ്രന്റെ വാളിലേയ്ക്കും മേനകയുടെ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നു)

ഇന്ദ്രൻ: കഷ്ടപ്പെട്ട്‌ ഓരോന്ന് ചേർത്ത്‌ വെയ്ക്കുമ്പോൾ ഓരോരുത്തമ്മാരു വരും ഇടങ്കോലിടാൻ...നാം ഇനിയും വാൾ ഊരണോ..വാളുവെയ്ക്കണോ...?

മേനക: (ലാസ്യം മക്സിമം ഇജ്ജക്റ്റ്‌ ചെയ്തു കൊണ്ട്‌) ദേവാ...ശാന്തനാകൂ..വരു.. നമുക്ക്‌ അന്തപുരത്തിനകത്ത്‌ പോയ്‌ വാളു വെയ്ക്കാം..
കാറ്റ്‌ പോയ ബലൂൺ പോലെ ഇന്ദ്രന്റെ റ്റെംബറേച്ചർ സ്കയ്‌ല്‌ മാറുന്നു..
(ഇന്ദ്രന്റെ കൈപിടിച്ചുകൊണ്ട്‌ മേനക അന്തപുരത്തിലേക്ക്‌..പിന്നലെ ആകെ പൂത്തുലഞ്ഞ്‌ കുലുങ്ങി കുലുങ്ങി ഇന്ദ്രനും..)

നാരദൻ: ..എടീ മേനകേ.....

(പിന്നണിയിൽ നിന്നും പഴയ ഗാനം വീണ്ടും ..നഷ്ടസ്വപ്നങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനമൊരുക്കീ...ദു:ഖസിംഹാസനമൊരുക്കീ...)

(ദു:ഖഭാരത്തോടെ നാരദൻ നടന്നു നീങ്ങുമ്പോൾ... കർട്ടൻ പതിയെ താഴുന്നു).......ശുഭം.....ഇഷ്ടമായെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ...

സ്നേഹപൂർവ്വം

© മൻസൂർ ആലുവിളാ

Friday, October 23, 2009

കവിത - പ്രേമസല്ലാപംപ്രേമത്തിൻ മലർ മെത്തവിരിച്ചു..
നിൻ പ്രേമമെന്നിൽ മൊട്ടിട്ടു...

പ്രേമലേഖനങ്ങളെഴുതിയെൻ
വിരലുകൾ വിലാസനൃത്തമാടി.

വീണമീട്ടിയെൻ ഹൃദയ തന്ത്രികൾ
തരളിതം നിൻ സ്പർശത്തിന്നായ്‌ കൊതിച്ചു...

ഓർക്കുന്നു ഞാനാവരികൾ രമണനിലെ
പ്രേമവും അവർ പാടിയ ഈരടികളും
അനശ്വരം ആ പ്രേമകാവ്യം അനശ്വരം നം പ്രേമ സല്ലാപം..

...വിവാഹം കഴിഞ്ഞ ഉടനെ ഗൽഫിലെത്തി....ഇനി ബാക്കി പത്രം....

കൊതിക്കുന്നു നിൻ സ്വരം കേൾക്കാൻ
മടുപ്പില്ല നിന്നോടെത്രമൊഴിഞ്ഞാലും
അടുത്തില്ല നീ അറിയാമെങ്കിലും അറിയുന്നു
നിന്നോരോ സ്പന്ദനവും..

എനിയ്ക്കായ്‌ തുടിക്കും നിൻ ഹൃദയം
എന്നിലുണർത്തുന്നു ഓരായിരം
സ്നേഹ സ്പുലിംഗങ്ങൾ..

ഇമപൂട്ടി അണയുന്നു നിൻ ചാരെ
ഇമവെട്ടാൻ പോലും മടിക്കുന്നു
നീയെന്നെ വിട്ടകലുമെന്ന ഭയത്തിന്നാൽ.

എൻ കനവിലൊക്കയും നിൻ നിനവുകൾ
നിൻ നിറ സാന്നിധ്യം എന്നോരോ കർമ്മത്തിലും

വിഭ്രാന്തിയെന്നറിയുന്ന മനം ചിരിച്ചു മടങ്ങുന്നു
പ്രതീക്ഷയിൽ...നീയെൻ അരുകിലണയും
ആ സുന്ദര ദിനത്തിന്നാശയിൽ..


കവിത ഇഷ്ടമായെങ്കിൽ...അഭിപ്രായം അറിയിക്കണം...

സ്നേഹപൂർവ്വം
© മൻസൂർ ആലുവിള...

Wednesday, September 30, 2009

"മമ്മദ്‌ വെച്ച കോഴിക്കറി"

ഒരു ബാച്ലർ ലൈഫ്‌ കഥ നിങ്ങൾക്കായ്‌ പങ്കുവെക്കാം.


"മമ്മദ്‌ വെച്ച കോഴിക്കറി"

പട്ടണത്തിൽ വിവിധ കമ്പനികളിൽ ജോലി നോക്കുകയും ഒരുമിച്ചു താമസിക്കുകയും, ഒരുമിച്ചു ആഹാരം പാചകം ചെയ്തു കഴിക്കുകയും ചെയ്യുന്ന ബാച്ലർ സുഹൃത്‌ വലയത്തിലെ പാവത്താനായ മമ്മദിനെ കൊണ്ട്‌ സ്ഥിരമായി അടുക്കള പണികൾ എടുപ്പിക്കൽ സുഹൃത്തുക്കളായ രാമുവിന്റെയും ദാമുവിന്റെയും ഇഷ്ടവിനോദം ആയിരുന്നു.ആഴ്ചയിൽ രണ്ടു ദിവസം വീതം ഒരോരുത്തരും പാചകം ചെയ്യണം, ഞായറാഴ്ച പുറത്ത്‌ ഹോട്ടലിൽ നിന്ന് കഴിക്കും, എന്നാൽ ഇതെല്ലാം പറച്ചിൽ മാത്രം, എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ്‌ പാവം മമ്മദിനെകൊണ്ട്‌ പാചകം ചെയ്യിക്കലായിരുന്നു രാമുവിന്റെയും ദാമുവിന്റെയും സ്ഥിരം ഏർപ്പാട്‌.


അങ്ങനെയിരിക്കെ ദാമുവിന്റെ മെസ്സ്‌ ദിവസം വന്നു. ദാമു തലപുകഞ്ഞ്‌ ആലോചിച്ചു ഇന്ന് എങ്ങനെ മമ്മദിനെ കൊണ്ട്‌ പണിയെടുപ്പിക്കും. രാമുവുമായി അവൻ കൂടിയലോചിച്ചു. അങ്ങനെ അവർ രണ്ടു പേരും മമ്മദ്‌ ജോലി കഴിഞ്ഞു വരുന്നതിനു മുൻപ്‌ തന്നെ സിറ്റി ചുറ്റിയടിക്കൽ, വായ്നോട്ടം തുടങ്ങിയ നിത്യ വിനോദങ്ങൾക്കായ്‌ പുറപ്പെട്ടു.


ജോലി കഴിഞ്ഞെത്തിയ മമ്മദ്‌ കുളിച്ച്‌ കഴിഞ്ഞ്‌ ടിവി ഓൺ ചെയ്തു അപ്പോൾ അതാ ഫോൺ ചിലക്കുന്നു,

ഹലോ...

എടാ മമ്മദെ നീ പണി കഴിഞ്ഞെത്തിയോ..?

ആരാ ദാമുവാ...ഞാൻ ഇപ്പോ വന്നിട്ടൊള്ളു. ..ജ്‌ എവിടെയാ..

മമ്മദെ എനിക്കും രാമുവിനും ഇന്നു ഓവർടൈമുണ്ടു വരാൻ താമസിക്കും..

അതെങ്ങനാ ശരിയാവും...? ഇന്ന് അന്റെ മെസ്സ്‌ അല്ലെ..?

നീ അവിടില്ലെ...ഒന്നു മാനേജ്‌ ചെയ്യെന്റെ മമ്മദെ..!

ദാമുവെ അത്‌ ഇപ്പൊ അന്റെ ഒരു സ്ഥിരം പരിപാടിയാണല്ലോ..?

മമ്മദിന്റെ പരിഭവം ശ്രദ്ധിക്കാതെ ദാമു പറഞ്ഞു

മമ്മദെ കോഴി ഫ്രിഡ്ജിൽ ഇരുപ്പുണ്ട്‌... കോഴിക്കറി വെച്ചോളൂട്ടോ..?

ശെരി...മമ്മദ്‌ ദേഷ്യത്തോടെ ഫോൺ വെച്ചു..

മമ്മദിനു തന്നെ ഇവെന്മാർ ശെരിക്കും മുതലാക്കുന്നതയ്‌ തോന്നി...ശെരി.. നോക്കാം മമ്മദ്‌ മനസ്സിൽ പറഞ്ഞു.

രാമുവും ദാമുവും ചുറ്റിയടിക്കലൊക്കെ കഴിഞ്ഞു രത്രി 9 ത്‌ 9:30 യോടെ തിരികെ എത്തി

രാമു ദാമുവിനോട്‌ പറഞ്ഞു, അവൻ ദേഷ്യത്തിലയിരിക്കും ഒന്നു നന്നായ്‌ സോപ്പിടണം. അപ്പോൾ ദാമു പറഞ്ഞു സോപ്പിട്ട്‌ പതപ്പിച്ചേക്കാം, അതൊക്കെ നീ കണ്ടോളൂ.

വാതിൽ തുറന്ന് റൂമിൽ കടന്നപ്പോൾ മൂടി പുതച്ചു കിടക്കുന്ന മമ്മദിനെ കണ്ട്‌ രാമുവും ദാമുവും ഒന്നു ഞെട്ടി..

ദാമു: മമ്മദെ സോറിയെടാ.. നീ ഉറക്കമായോ..?

മമ്മദ്‌ : ആ..

രാമു: മമ്മദെ നീ ഒരു പാവമാണടാ

മമ്മദ്‌: അ..അ...

ദാമു: നീ എന്താ മമ്മദെ എന്തു പറഞ്ഞാലും അ..അ.. എന്നും പറഞ്ഞിരിക്കുന്നത്‌.? പിണക്കമാണോ..?

മമ്മദ്‌: അ ഒന്നുമില്ല

ദാമു: നീ കഴിയ്ക്കുന്നില്ലെ?

മമ്മദ്‌: ഞാകയിച്ചു.

രാമു: കോഴി നന്നായിട്ട്‌ വറുത്തരച്ചല്ലെ വെച്ചത്‌..

മമ്മദ്‌: അല്ല..

ദാമു: വെച്ചില്ലെ..?

മമ്മദ്‌: വെച്ചു..

ദാമു: ഹൊ ! ആശ്വാസമായി നല്ല വിശപ്പ്‌, വറുത്തരച്ചല്ലെങ്കിൽ പിന്നെ എങ്ങെനെയാ വെച്ചത്‌..? കൊതിപ്പിക്കാതെ പറ മമ്മദെ...

അപ്പോൾ മമ്മദ്‌ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു

" മാണ്ടാന്ന് വെച്ച്‌...എന്തെയ്‌ ..കറിബെക്കലെ..പണിയോക്കി പൊക്കോളീ...ചെയ്ത്താന്മാരെ"...

ഇളിഭ്യരായ രാമുവിനേയും ദാമുവിനേയും ശ്രദ്ധിയ്ക്കാതെ മമ്മദ്‌ പുതപ്പ്‌ വലിച്ച്‌ മൂടി.കഥ ഇഷ്ടമായെങ്കിൽ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ..

സ്നോഹപൂർവ്വം
© മൻസൂർ ആലുവിള.

Saturday, September 5, 2009

കവിത - " വിശ്വമോഹിനി"

" വിശ്വമോഹിനി"
സുഗന്ധ വാഹിയാം ഈറൻ കാറ്റിനകമ്പടിയായ്‌
കോരിച്ചൊരിയും മഴയണഞ്ഞു
മിന്നലിൽ തെളിയുന്നു വിശ്വന്റെ സുന്ദരമാം മുഖം
തിരയുന്നവനുടെ മിഴികളാരയോ....
വെള്ളി വെളിച്ചത്തിൽ കൺകാണായ്‌
മാടിവിളിക്കുമവനുടെ മോഹിനിതൻ വെൺകരങ്ങൾ
പതിനേഴു കടന്നൊരാ പടിവാതിൽ തുറന്നവൾ
വിശ്വനെ തന്നിലേയ്ക്കായ്‌ ക്ഷണിച്ചു...
മഴയിൽ നനഞ്ഞൊരു വിശ്വനെ തൻ
മാറിനാൽ തോർത്തിയണച്ചു മോഹിനി...
ഇറ്റുവീഴും നീർകണങ്ങളൊക്കയുമൊപ്പി..
യെടുത്തവൾ വിറപൂൺ ടൊരധരങ്ങളാൽ
കൂമ്പിയടഞ്ഞ മിഴികളിൽ അവനുടെ ചുടുനിശ്വാസം പതിക്കവെ...
നനഞ്ഞൊരാ ഉടയാടകൾ അവളൊന്നൊന്നായ്‌ തഴുകുന്നു...
ഉണരുന്നു രോമകൂപങ്ങളൊക്കയും വേഗമേറൂന്ന ശ്വാസഗതിയും..
തൻ കരപരിലാളനങ്ങളാലവൻ തട്ടിയെറിഞ്ഞു
അവളിൽ അവശേഷിച്ച പ്രതിരോധത്തെയും
കുറുകുമായിണകൾക്ക്‌ താളകൊഴുപ്പേകുന്നൊരാ
കുറുമ്പു മഴച്ചാർത്തും ഈ കുളിർ കാറ്റും.
മഴ കനത്തു ഇടിതകർത്തു പ്രജ്ഞയുണർന്നു
പിറക്കുമ്പടിയിൽ ഉറക്കമുണർന്നിരുന്നവൻ തേടിയാ..
വെൺകരങ്ങളെ സ്വപ്ന നിമിഷങ്ങളിൽ പറന്നു
പോയൊരാ മോഹിനീ സാമിപ്യത്തിനെ....
തിരിച്ചറിഞ്ഞവൻ പ്രവാസിയവനുടെ മറ്റൊരു പുലരിയെ.
ദീഘനിശ്വാസമോടെ തുടച്ചവൻ നാടിൻ.
നനുത്തോരൊർമ്മയിൽ കൺകോണിൽ പൊടിഞ്ഞ നീർ കണങ്ങൾ,
തൻകൺകോണിൽ പൊടിഞ്ഞൊരാ നീർ കണങ്ങൾ....


© മൻസൂർ ആലുവിള
സൗദിഅറേബ്യാ

Monday, August 17, 2009

സ്വാതന്ത്ര്യദിനം
ആദ്യ സ്വാതന്ത്ര്യദിനം ഓര്‍മ്മപെടുത്തുന്ന ചില അപൂര്‍വ ഫോട്ടോ കളിലൂടായ് തുടങ്ങാം