Friday, November 12, 2010

കഥ- "അത്തർ മണം പൊഴിയ്ക്കുന്ന പെട്ടികൾ"

ദേ...!!!
നിങ്ങളറിഞ്ഞില്ലേ, നമ്മുടെ രഘു നാട്ടിൽ പോകുന്നു..!!!
അതെ നിങ്ങളുദ്ദേശിച്ച രഘു തന്നെ....നാട്ടിൽ പോലും പോകാത്ത പിശുക്കൻ എന്ന് പറഞ്ഞു
നമ്മൾ കളിയാക്കുന്ന രഘു തന്നെ...
ആൾ വലിയ സന്തോഷത്തിലാണു കേട്ടോ..?
ഗൾഫിൽ വന്നിട്ട്‌ 12 വർഷം ആയെങ്കിലും ഒരു പ്രാവശ്യമേ നാട്‌ കണ്ടിട്ടുള്ളു കക്ഷി.പിന്നെ പിശുക്കനെന്ന് വിളിയ്ക്കുന്നവരെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല കാരണം ഒരു പെപ്സിപോലും വാങ്ങി കുടിയ്ക്കില്ല ആരെങ്കിലും വാങ്ങികൊടുത്താൽ വിരോധവും ഇല്ല കേട്ടോ..!!!

എന്തൊക്കെയാണെങ്കിലും ആൾ മിടുക്കനാ, ഗൾഫിൽ വന്ന് ആദ്യ വെക്കേഷൻ പോയത്‌ 7 കൊല്ലം മുമ്പ്‌, അന്ന് രണ്ട്‌ സഹോദരിമാരുടെ കല്ല്യാണം നടത്തിയിട്ടാ വന്നത്‌, അച്ചൻ മരിച്ചതിനു ശേഷം കുടുംബഭാരം മുഴുവൻ രഘുവിന്റെ തലയിലായിരുന്നല്ലോ..

ഇപ്പോൾ വസ്സ്‌ 34 ആയി ഇനി അൽപമുള്ള ബാങ്കു ബാലൻസുമായ്‌ നാട്ടിൽ സെറ്റിലാകാനാ പരിപാടി..അതു മാത്രമല്ല വേറെയും ഉണ്ട്‌ ചില വിശേഷങ്ങൾ..ആൾ കല്ല്യാണം കഴിക്കാൻ പോകുകയാ..രഘു നാട്ടിൽ ചെന്നതിനു ശേഷമേ പുതിയ വീട്‌ പാൽ കാച്ചുകയുള്ളു എന്ന് ഒരേ വാശിയിലാത്രെ അമ്മയും സഹോദരങ്ങളും.

പെട്ടികെട്ട്‌ തകൃതിയിൽ നടക്കുകയാണു എല്ലാ പേർക്കും രഘു സമ്മാനപൊതികൾ പ്രത്യേകം പ്രത്യേകം പായ്ക്കു ചെയ്തു വെയ്ക്കുന്നുണ്ടായിരുന്നു...എന്തായാലും ഈയൊരു വിഷയത്തിൽ മാത്രം യാതൊരു പിശുക്കും അവൻ കാണിച്ചിട്ടില്ല. പെട്ടികൾ അടയ്ക്കുന്നതിനു മുമ്പ്‌ അത്തർ പൂശി അടയ്ക്കാൻ അവൻ പറയുന്നുണ്ടായിരുന്നു...എന്തിനാണന്നല്ലേ പെട്ടിതുറക്കുമ്പേൾ നല്ല അത്തർ മണം പരക്കണമത്രെ... ഇവന്റെയൊരു കാര്യം..!!!

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പേൾ അവന്റെ കണ്ണുനിറഞ്ഞു...!!!

എയർപ്പോർട്ടിൽ അനുജനും അമ്മാവനും അമ്മാവന്റെ മകനുമുണ്ടായിരുന്നു..സ്വന്തം നാട്‌... വീണ്ടും നാട്‌ സ്വന്തമായതിന്റെ സന്തോഷം അവന്റെ മുഖത്ത്‌ കാണാനുണ്ടായിരുന്നു...

രഘു അമ്മാവന്റെയും അനുജന്റെയും കുശലങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടിരിക്കെ..റ്റാറ്റാ സുമോ അവരെയും കൊണ്ട്‌ നഗര വീഥികൾ പിന്നിട്ടുകൊണ്ടിരുന്നു.

അവനെന്തോ ഒരു ക്ഷീണം ..ശർദ്ദിക്കാൻ വരുന്നത്‌ പോലെ..അത്‌ യാത്രാ ക്ഷീണം കൊണ്ടാ ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ മാറും അമ്മാവൻ അവനെ സമാധാനിപ്പിച്ചു ..മുറുക്കാൻ പീടികയ്ക്ക്‌ മുന്നിൽ വണ്ടി നിന്നു.

നാരങ്ങാ വെള്ളം കുടിച്ച ഉടനെ രഘു ശക്തിയായ്‌ ചുമച്ചുകൊണ്ട്‌ ശർദ്ദിച്ചു..അവൻ നെഞ്ചിൽ തടവി അമ്മാവനെ വല്ലാതെ നോക്കി...മുരളീ വണ്ടിയെട്ക്ക്‌...അടുത്തെവിടെയെങ്കിലും ഹോസ്പിറ്റൽ ഉണ്ടോയെന്ന് നോക്കാം..

രഘു ശ്വാസം ആഞ്ഞ്‌ വലിയ്ക്കാൻ തുടങ്ങി...കണ്ണുകൾ പുറത്തേയ്ക്ക്‌ തുറിച്ച്‌ എല്ലാവരെയും നോക്കി ..അമ്മേ...അവൻ ഞരങ്ങുന്നുണ്ടായിരുന്നു...അമ്മേ...!!!!!!!

അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു...ഒരു ഹൃദയ സ്തംഭനത്തിനു മുന്നിൽ അവൻ എല്ലാം ഉപേക്ഷിച്ചു പോയി...പുതിയ വീടും, കാറും, പുതിയ പെണ്ണുമെല്ലാം..

ബന്ധു ജനങ്ങൾ ഹോസ്പിറ്റലിലേക്ക്‌ ഒഴുകി...ശവമെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയിൽ ആരംഭിച്ചു...ഹോസ്പിറ്റൽ ഫോർമ്മാലിറ്റികളൊക്കെ കഴിഞ്ഞ്‌ അവന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള ആംമ്പുലൻസ് പുതിയ വീടിന്റെ മുന്നിലെത്തി...

ഗൃഹപ്രവേശനം കഴിഞ്ഞിട്ടില്ലാത്ത വീട്ടിലേക്ക്‌ മൃതശരീരം കയറ്റുന്നതിനെ എല്ലാവരും എതിർത്തു...

ചങ്കുപൊട്ടി നിലവിളിക്കുന്ന അമ്മയുടെ കണ്ണുനീർ മകനെ നഷ്ടപ്പെട്ട സങ്കടമായ്‌ ചിത്രീകരിക്കെ ...പുതിയ വീടിന്റെ മുറ്റത്തൊരുക്കിയ താൽക്കാലിക പന്തലിൽ രഘുവിന്റെ ശരീരം പൊതു ദർശനത്തിനു വെച്ചു.....

പതം പറഞ്ഞ്‌ നാട്ടുകാർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.... എന്താ മനുഷ്യന്റെ ഒരു അവസ്ത

കുടുംബം രക്ഷപ്പെടുത്തിയോനാ...അവൻ അവന്റെ കടമകൾ നിറവേറ്റിയാ പേയത്‌..
ആ പെങ്കൊച്ച്‌ രക്ഷപ്പെട്ടു ..കല്ല്യാണത്തിനു ശേഷമായിരുന്നെങ്കിലോ..? ഹൊ ഓർക്കാനേ വയ്യ.....

രഘുവിനു ഒരു നോക്ക്‌ കാണാൻ കഴിയാതെപോയ അവന്റെ പുതിയ വീടും കാറും അടുത്ത അവകാശികൾക്കായ്‌ കാത്ത്‌ കിടക്കെ...

അവന്റെ ചേതനയറ്റ ശരീരത്തിനു പ്രവേശനം നിഷേധിച്ചെങ്കിലും ബന്ധുജനങ്ങൾക്കായ്‌ കൊണ്ടു വന്ന പെട്ടികൾ അവന്റെ സ്വപ്നഗൃഹത്തിലിരുന്ന് അപ്പോഴും അത്തർ മണം പൊഴിയ്ക്കുന്നുണ്ടായിരുന്നു.

------------------------------------------------------------------------------------------------------
© മൻസൂർ ആലുവിള

41 comments:

  1. ദേ...!!!
    നിങ്ങളറിഞ്ഞില്ലേ, നമ്മുടെ രഘു നാട്ടിൽ പോകുന്നു..!!!

    ReplyDelete
  2. മന്‍സൂര്‍ ഭായ്‌, ബ്ലോഗിലെ സജീവ എഴുത്തുകാരും വായനക്കാരും പ്രവാസികളാണ് എന്നോര്‍ക്കുക. വരികളിലെ ഇത്തരം സങ്കടങ്ങള്‍ പോലും അസഹ്യമായി അനുഭവപ്പെടുന്ന വെറും പച്ച മനുഷ്യര്‍. ദയവായി കണ്ണുനീരിന്റെ ഉപ്പുരസം കലര്‍ന്ന ഇതുപോലുള്ള രചനകള്‍ വേണ്ടെന്നു വെയ്ക്കുക.

    (വിവാഹത്തിനു വേണ്ടി പോയ ഒരു പ്രവാസി കഴിഞ്ഞ ദിവസം വിവാഹ വസ്ത്രങ്ങള്‍ എടുക്കാന്‍ ടൌണില്‍ പോയപ്പോള്‍ നെഞ്ചു വേദന വന്നു മരണപ്പെട്ട വാര്‍ത്ത ഇന്നലെ വായിച്ചു. കഥകള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യം പലപ്പോഴും നെഞ്ചു പിളര്‍ക്കുന്നു ഭായീ)

    ReplyDelete
  3. എല്ലാം വിധിയുടെ വിളയാട്ടങ്ങൾ

    ReplyDelete
  4. ഇരുതല മൂര്‍ച്ചയുള്ള വിധി....

    ReplyDelete
  5. BLACK & WHITE ല് ആദ്യമായാണ് ഒരു കഥ വായിക്കുന്നത് എന്നു തോന്നുന്നു.

    കഥ സങ്കടപ്പെടുത്തി. !!

    രഘുവിനെ പോലയുള്ള കുറെ മുഖങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്.
    ഗൃഹപ്രവേശനം കഴിഞ്ഞിട്ടില്ലാത്ത വീട്ടിലേക്ക്‌ മൃതശരീരം കയറ്റുന്നതിനെ എല്ലാവരും എതിർത്തു.
    വല്ലാത്ത ഒരു വേദനയായി ഈ വാക്ക് .

    കഥ നന്നായിരിക്കുന്നു.. നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .

    ReplyDelete
  6. വേദനിപ്പിക്കുന്ന കഥ!
    പലപ്പോഴും സംഭവിക്കുന്നതും!

    ReplyDelete
  7. ടച്ചിങ്ങ് മാഷേ.

    ഭായിയുടെ കമന്റ് ആവര്‍ത്തിയ്ക്കുന്നു...

    ReplyDelete
  8. ഒരു പിടി വേദനകള്‍ മാത്രം ബാക്കിയാക്കി രഘു യാത്രയായി...

    ReplyDelete
  9. വേദനിപ്പിക്കുന്ന കഥ..നന്നായിരിക്കുന്നു

    ReplyDelete
  10. ഇതെന്ത് എന്ന് അറിയില്ല.

    വയ്യ മടുത്തു എന്ന് പറഞ്ഞു 20 വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയ
    gratuityum allowance ഉം ആയി മൂന്നു മാസം മുമ്പ് ഒരു draftum
    കയ്യില്‍ പിടിച്ച്‌ നാടു എത്താന്‍ ഒരുങ്ങിയ ഞാന്‍ അറിയുന്ന ഒരു
    ഓഫീസ് സ്റ്റാഫ്‌ ആ draftum പാസ്പോര്‍ട്ടും കയ്യില്‍ പിടിച്ച്‌ എയര്‍ പോര്ടിലെ
    ചെക്ക്‌ ഇന്‍ കൌണ്ടറില്‍ അങ്ങനെ ഇരുന്നു.എന്നേക്കുമായി..ഈ നാടിനെ
    വിടാന്‍ ഉള്ള മടിയോ നമ്മുടെ നാടിനെ കാണാനുള്ള മടിയോ?അതോ
    രണ്ടിനും ഇടയില്‍ കുരുങ്ങാന്‍ ഉള്ള വിധിയോ?..കഥാകൃത്തിനു ആശംസകള്‍..

    ReplyDelete
  11. കൊച്ചുബാവയുടെ ഒരു നോവലില്‍ ഇതിനു സമാനമായ ഒരു വിഷയം ഉണ്ട്.
    പെട്ടികള്‍ എന്നും ഒരു ആപേക്ഷിക സ്വഭാവം ഉള്ളവയാണ്.
    ചിലപ്പോള്‍ സന്തോഷിപ്പിക്കും ചിലപ്പോള്‍ കരയിക്കും.
    പ്രവാസികള്‍ ഒരു വാഹനത്തെ പോലെയാണ്.പുതിയ വാഹനം ആകര്‍ഷകമാണ്.അത് വരുമാന ദായകമാണ്.പഴക്കം കൂടുംതോറും വരുമാനം കുറയുകയും പോരാത്തതിന് റിപ്പയറിംഗ് (ചികില്‍സ) നു വേണ്ടി വണ്ടിക്കു മേല്‍ കാശ് ചിലവഴിക്കെണ്ടിയും വരുന്നു.അവസാനം ഉപയോഗ ശൂന്യമാകുമ്പോള്‍ സ്വന്തം വീട്ടു പറമ്പില്‍ പോലും കയറ്റാന്‍ നാണക്കേടാകുന്നു.

    ReplyDelete
  12. കഥ നന്നായി മാഷേ!
    കഥയല്ല...
    കയ്ക്കുന്ന അനുഭവങ്ങള്‍!

    ReplyDelete
  13. അനുഭവങ്ങൾ ...യാഥാർത്ഥങ്ങൾ...
    തനി സങ്കടം പൊഴിക്കുന്ന വാക്കുകൾ കൊണ്ട് നന്നായി ഒതുക്കിപറഞ്ഞിരിക്കുന്നു...

    ReplyDelete
  14. മാഷേ വല്ലാതെ വേദനിപ്പിച്ചു.

    ReplyDelete
  15. വല്ലാതെ നൊമ്പരപ്പെടുത്തി കഥ. അറിയാതെ അസ്തമിക്കുന്ന രഘുമാര്‍ ഒരുപാടാണിവിടെ....
    വലിയ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  16. വേദനിച്ചു വല്ലാതെ ....

    ReplyDelete
  17. രഘു നാട്ടില്‍ പോയത് അറിഞ്ഞു

    ReplyDelete
  18. ജീവിത യാഥാര്‍ത്ഥ്യങ്ങളോടടുത്തു നില്‍ക്കുന്ന ഈ കഥ വായിച്ചപ്പോള്‍ മനസ്സിലൊരു വിങ്ങല്‍ അനുഭവപ്പെട്ടു. ആശസകള്‍ !

    ReplyDelete
  19. അസ്സലായിരിക്കുന്നു കഥ.
    പെട്ടിയും മരണവും, ഒരു പൂരകമായ് വര്‍ത്തിക്കുന്നു കഥയില്‍. ഒരു കഥാകാരനു വായനക്കാരെ വേദനിപ്പിക്കാം ചിരിപ്പിക്കാന്‍ - രണ്ടുമാകാം എന്നാണ് :)

    കഥയ്ക്കും കഥാകാരനും ആശംസകള്‍.

    ReplyDelete
  20. വേദനിപ്പിക്കുന്നുവെങ്കിലും കഥ നന്നായി...
    ഒരു പ്രവാസിക്കും ആ വിധിയുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..

    ReplyDelete
  21. Manamulla Kadhayum...!

    Manoharam, Ashamsakal...!!!

    ReplyDelete
  22. ഇവിടെ വരുകയും അഭിപ്രായവും നിർദ്ദേശങ്ങളും തരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ നല്ലവരായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു..വീണ്ടും വരിക.

    ReplyDelete
  23. ഇങ്ങനത്തെ കഥകളൊന്നും എഴുതല്ലേ..
    മന്‍സൂര്‍.
    നമുക്ക് സന്തോഷം മതി..
    ദുഖം:നമ്മള്‍ ആഗ്രഹിക്കാതെ തന്നെ കൂട്ടിന് വരും..അത് തന്നെ ധാരാളം!

    ReplyDelete
  24. മാഷേ വല്ലാതെ വേദനിപ്പിച്ചു.

    ReplyDelete
  25. നല്ല വിഷയം. മനുഷ്യന്റെ ജീവിതത്തിന്റെ നിസ്സാരതകളെ പറ്റി ആലോചിച്ചു പോകുന്ന സന്ദർഭം.

    വല്ലാത്ത ഒരു ദുരന്തം. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് എം.ടി.യുടെ മഞ്ഞിലെ സർദാർജി പറയുന്നുണ്ട്. അതുപോലെ.

    പക്ഷെ കഥ പറച്ചിൽ എന്തോ ഒരു പ്രശ്നത്തിലായി. സംഭവം പെട്ടെന്ന് പറഞ്ഞു തീർക്കാൻ തിടുക്കപ്പെട്ടു. ജീവിതത്തിന്റെ അനിവാര്യതകളെ ഉൾക്കൊള്ളുന്ന അവിധത്തിൽ അവതരിപ്പിക്കണമായിരുന്നു.

    മനുഷ്യന്റെ വിചാരവും വിധിയുടെ കരുതലും എത്ര അവിചിത്രമാണെന്നു തോന്നുന്ന വിവരണം.

    കഥ തീർചയായും മാറ്റി എഴുതണം എന്ന് ആണ് എന്റ്റെ പക്ഷം.

    ReplyDelete
  26. ഇസ്മയിൽ ചൂണ്ടിക്കാട്ടിയ കൊച്ചുബാവയുടെ നോവലിനെ പറ്റി പറയണമെന്ന് വിചാരിച്ചതാണ് മറന്നുപോയി. വിരുന്നുമേശകളിലേക്ക് നിലവിളികളോടെ എന്നാണ് നോവലിന്റെ പേര്. ശവമായി പെട്ടികളോടൊപ്പം പ്രവാസം കഴിഞ്ഞെത്തുന്ന ഒരാളുടെ വിചാരങ്ങൾ.

    ReplyDelete
  27. ആദ്യായിട്ടാ ഞാന്‍ ഇവിടെ.ഇന്നു യാദ്രശ്ചികമായ് പഴയ ബ്ലോഗില്‍ കയറിയപ്പഴാ കണ്ടത്.കഥ ,അങ്ങനെ പറഞ്ഞൂടല്ലോ അല്ലെ,ഇത് എപ്പഴും നടക്കുന്നത്.മക്തൂബ് അല്ലെ..?നന്നായി എഴുതി.ആശംസകള്‍

    ReplyDelete
  28. മനസ്സില്‍ സങ്കടങ്ങള്‍ കോറിയിട്ട കഥ , ആശംസകള്‍

    ReplyDelete
  29. കൊള്ളാം. പിന്നെ ഗൃഹപ്രവേശനം എന്നാണോ ഗൃഹപ്രവേശം എന്നാണോ... ഒരു സംശയം.

    ReplyDelete
  30. നന്നായിരിക്കുന്നു!!!

    ReplyDelete
  31. മന്‍സൂര്‍ ഭായ്...ആദ്യാമായാണിവിടെ...
    ഇപ്പോ തോന്നുന്നു വരേണ്ടിയിരുന്നില്ലന്ന്..
    അടുത്ത പോസ്റ്റ് നല്ല സന്തോഷത്തിന്റേതായിക്കോട്ടെ ട്ടാ
    രഘു... ഒരു വേദനയായി....
    എന്റെ വീടിനടുത്ത് ഇതുപോലൊന്നു സംഭവിച്ചിരുന്നു...

    ReplyDelete
  32. എന്റെ ബ്ലോഗിലെ കമന്റു കണ്ടു വന്നതായിരുന്നു.
    ജീവിതത്തിലെ എല്ലാ വൈകാരികനിമിഷങ്ങളും എല്ലാവരും അനുഭവിക്കുന്നുണ്ടാവും. പക്ഷെ ഒരു പ്രവാസിയെ പോലെ തീക്ഷ്ണമായി മറ്റുള്ളവര്‍ക്ക് അവ അനുഭവിക്കാന്‍ കഴിയുമോ? സംശയമാണ്.

    മന്‍സൂര്‍ ഭായിക്ക് ആശംസകള്‍.വീണ്ടും എഴുതുക.

    ReplyDelete
  33. കഥ വായിച്ചപ്പോൾ സങ്കടമായി.. ഇതു പോലൊരെണ്ണം ഒരിക്കൽ വായിച്ചിരുന്നു... കുറെ മുൻപ് . പുതിയ വണ്ടിയിൽ കയറ്റാതെ പഴയൊരു വണ്ടിയിൽ മയ്യിത്ത് കൊണ്ടുവരികയും.. വീട്ടിൽ കയറ്റാതെ .പഴയ വീട്ടിന്റെ ഉമ്മറത്ത് ചേതനയറ്റ ശരീരം കിടത്തി അവിടെ നിന്നും നേരെ മണ്ണിലേക്കെടുക്കുന്ന ഒരു കഥ .. പ്രവാസികൾ ഇതെല്ലാം കേട്ട് മനസ്സ് മരവിച്ച് എല്ലാം അറിയുമെങ്കിലും.. അവർ അവരുടെ ബന്ധുക്കളെ സന്തോഷിപ്പിക്കാനായി വീണ്ടും വന്നണയുന്നു...അവരുടെ വേറിട്ട ലോകത്തിലേക്ക്..

    ReplyDelete
  34. പുതുവത്സരാശംസകള്‍

    ReplyDelete
  35. ബായി വേദന അതൊന്നു മാത്രമാണ് പ്രവാസിയുടെ സ്വന്തം

    ReplyDelete
  36. ഇവിടെ വരുകയും അഭിപ്രായവും നിർദ്ദേശങ്ങളും തരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ നല്ലവരായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു..വീണ്ടും വരിക

    ReplyDelete
  37. തന്റെ സമ്പാധ്യങ്ങളത്രയും നോക്കുകുത്തിയാകുന്ന ഒരു നിമിഷം, താൻ നട്ടു വളർത്തിയതൊന്നും പകരമാവാതെ പോവുന്ന ഒരു നിമിഷം... പലപ്പോഴും കോമാളിയായല്ല... വളരെ ക്രൂരമായി അവതരിക്കുന്ന മരണമേ.... നീ എന്നിൽ സന്നിവേഷിക്കുന്ന ആ നിമിഷം എന്നിൽ നിന്നകലുന്നതൊക്കെയും എനിക്കെത്ര വിലപിടിപ്പുള്ളതായിരുന്നെന്ന് അറിയുന്നുവോ...!

    ReplyDelete
  38. ചന്ദനത്തിരിപോലെ എരിഞ്ഞു തീർന്ന ജീവിതം.. കഥ മനസ്സിൽ ഒരു വിങ്ങലായി.

    ReplyDelete