Tuesday, June 28, 2011

മാതാ, പിതാ, ഗുരു, ദൈവം,


ഞാനൊന്ന് ശീലിച്ചു, കണ്ട മുഖങ്ങൾ മറന്നീടുവാൻ
കേട്ട സ്വരങ്ങൾ വിസ്മരിച്ചീടുവാൻ.

താലോലിച്ചകരങ്ങൾ താഴു തകർത്തു
താതൻ, മകൾക്ക് പിണിയാളാകൻ പഠിച്ചു

പാഠങ്ങൾക്കൊപ്പം വൈകൃതം ചാലിച്ച ഗൂരു
ദിവ്യമാം മൂന്നാം സ്ഥാനമുപേക്ഷിച്ചു.

വിനയാന്വിത മുഖങ്ങൾ വിനയം വിസ്മരിച്ചു
വേദാന്തങ്ങൾക്കായ് കൂർപ്പിച്ച കർണ്ണം മുറിഞ്ഞു

വരുതിക്ക് വരാത്തവ വലിച്ചെറിഞ്ഞു, ഗ്രന്ഥങ്ങളിൽ
ഗുണമുള്ളതൊഴിച്ചു ബാക്കിയൊക്കെയും ഒളിച്ചുവെച്ചു

തിരു ശേഷിപ്പുകൾ തീർത്താൽ തീരാത്ത
ബാധ്യതയാക്കുവാൻ ഞാൻ മൽസരിച്ചു

അറിവ് അപാരമായ് എനിക്ക് അല്പ്പത്തം കൂടിവന്നു
ശാശ്വത ലോകം ഇഹലോകത്തിലായ് ചുരുങ്ങി.

വിഴുങ്ങിയ പൊൻപണം വീണ്ടെടുക്കാൻ
ഗാന്ധിതലയ്ക്ക് മേൽ നിരാഹാരമിരുന്നു ഞാൻ

ആൾ ദൈവങ്ങൾക്കു മേൽ ആൽ മരം വളർന്നു
ഇത്തിൾ കണ്ണികൾ നീരു കുടിച്ച് കൊഴുത്തുരുണ്ടു.

മാതാ, പിതാ, ഗുരു, ദൈവം,
ദൈവമേ കാത്തുകൊൾക
നിൻ സ്ഥാനവും നിനക്ക് അന്യമാകതെ ഞങ്ങളേയും.
--------------------------------------------------------------© മൻസൂർ ആലുവിള

Wednesday, May 25, 2011

അതിരുകൾ അപ്രത്യക്ഷമാകുന്നത്

കാഴ്ചയുടെ വലിപ്പം കൂടുമ്പോൾ അതിർവരമ്പുകൾ ചെറുതാകും, കാഴ്ചയുടെ ഉയരം കൂടി കൂടി വരുമ്പോൾ രണ്ടായ അയല്പ്പക്കങ്ങൾ ഒന്നാകും, കരകൾ ഒന്നാകും, വഴികൾ പുഴകൾ വരകളാകും, കോൺക്രീറ്റ് കാടുകൾ തീപ്പെട്ടി വലിപ്പമാകും, ക്രമേണ കാഴ്ച വെറും കടലും കരയുമായ് തീരും, ഇനിയുമുയർന്നാൽ കാഴ്ചയില്ലാതെയാകും കാഴ്ചയുടെ ആവശ്യമില്ലാതെയാകും (ഉൾകാഴ്ച്ചമാത്രം മതിയാകും)എല്ലാം ഒന്നാണെന്ന സത്യം തിരിച്ചറിയും ഈ അതിരുകളെല്ലാം വെറും നശ്വരമായ മനുഷ്യ നിർമ്മിതികൾ.കുറിപ്പ് : ഉയരത്തിൽ പറന്നതുകൊണ്ട് മാത്രം എല്ലാത്തിനും മീതെയന്നർത്ഥമില്ല, ബലവാൻ എന്നതുകൊണ്ട് എല്ലാവരെക്കാളും ശക്തൻ എന്നും അർത്ഥമില്ല.സ്നേഹപൂർവ്വം
മൻസൂർ ആലുവിള
Thursday, February 17, 2011

അവൻ


ഭാരമേറിയ തോളും പൊടി മീശയുമായ്
മായകണ്ണാടി പ്രപഞ്ചത്തിൻ
പ്രതിബിംബമായ് പ്രയാണം

കലാലയ ലഹരിയെ മറവി തിന്നു
കടമകൾക്കൊപ്പം കാലം പറന്നു
കുരുക്കുകൾ ദിനവും മുറുകിപ്പിറന്നു

കുറുകിയ ഹൃദയത്തിലൊരിണയെ തിരുകി
കുടുംബം, കടമ, ഇണയെപ്പിരിച്ച് തിരിച്ചയച്ചു

തൊട്കറി അച്ചാറു ദാമ്പത്യത്തിൽ താരകം പിറന്നു,
സൂര്യനായ് താരകത്തെ തിരയും പിതൃദു:ഖം

ചങ്ങല കണ്ണിയിൽ എണ്ണം ചേർന്നിട്ടും
ചങ്ങലയിൽ മുറുകി തവിച്ചു ദർശനത്തിനായ്
ചാകരകൾ നിറയെ തീരങ്ങൾ ചേർത്ത്
ചാവടിയും പുതുക്കി പണിതു

മായകണ്ണാടിയിലെ ബിംബങ്ങൾ മങ്ങി
മാ നാട്ടിലെ മണമുള്ള കാറ്റിനെ തിരഞ്ഞു

ഭാരമൊഴിഞ്ഞ തോളും, തലയിൽ കാലത്തിൻ
വെള്ളി കമ്പിളിയുമായ് വൈകി കൂടണഞ്ഞു

പരിചിത മുഖങ്ങൾ തിരഞ്ഞു മടുത്തൊടുവിൽ
ഏകാന്തതയുടെ ചുറ്റ്മതിൽ തീർത്തവൻ
പതിയെ ചിരിച്ചു നിസ്സംഗതനായ്
.............................................................................

© മൻസൂർ ആലുവിള

Thursday, January 13, 2011

കവിത - “ഡേർട്ടി ഫെലോ”


വാർദ്ധക്യം എന്നുടെ വായ പൊത്തി
ചെറുമക്കളിലെന്നുടെ ഛായ തപ്പി,
ഡേർട്ടി ഫെലോയെന്നവർ ചുണ്ട്കോട്ടി

വേരേറെയുണ്ടെങ്കിലും നീരും ഫലവും
ഒഴിഞ്ഞോരു പടുവൃക്ഷം ഞാൻ

ഞാൻ കെട്ടിയൊരെൻ കൂട്ടിൽ
ഞെരുക്കമെന്നിഷ്ടങ്ങൾകൊക്കെയും

കൂട്ടായ തീരുമാനം കൂട്ടിലെത്തിച്ചു, ഒടുവിൽ
അഭയ കൂട്ടിലെത്തിച്ച, ബന്ധുത്വമൊഴിഞ്ഞകന്നു.
അലറിക്കരയാനവതില്ലെങ്കിലും അറിയാതെ
ആരുമറിയാതെ കരയുന്നു ഞാനുമിന്ന്

ഉലകങ്ങൾ ചുറ്റി ചിന്താധാരകൾ പങ്കു വെച്ചവൻ
ഉലകിൻ പാഠങ്ങൾ നിറയെ പഠിച്ചവൻ
പഠിക്കാത്ത പാഠം വാർദ്ധക്യമെന്ന പാഠം.

ദീർഘ നിശ്വാസമുതിർത്താ പിതൃവ്യൻ
വരും തലമുറയ്ക്കായ് കിടക്കവിരിയൊന്ന് മാറ്റിവെച്ചു
...........................................................................................© മൻസൂർ ആലുവിള

Monday, January 3, 2011

കവിത- ദി സൈലന്റ് കില്ലർ


കശുമാവിൻ വിളയോളം വിലയില്ലാ-
കാര്യങ്ങൾകാർക്ക് നേരം, പീഢിതർക്കല്ലാതെ.

മഴയായ് പൊഴിയുമ്പോൾ തരംതിരിവില്ലെനിയ്ക്ക്
മർത്യനെന്നോ മാമ്പൂവിലെ കീടമെന്നോ
മറക്കാതെ ഞാൻ, എന്നിലർപ്പിതമാം
മരണം വാരിവിതറി ഓരോ അണുവിലും

കൈവിട്ടൊരമ്പ് പോൽ ചെയ്യാനൊന്നുമില്ലെനിയ്ക്ക്
കൈ കൂപ്പി പറയാനൊന്നു മാത്രം, തടുക്കുക,
എന്നെ തൊടുക്കാതിരിക്കുക നീ പിന്നെയും.
എന്നിൽ, മരണവും, മാരക രോഗഹേതുക്കളും മാത്രം.


© മൻസൂർ ആലുവിള