ദേ...!!!
നിങ്ങളറിഞ്ഞില്ലേ, നമ്മുടെ രഘു നാട്ടിൽ പോകുന്നു..!!! അതെ നിങ്ങളുദ്ദേശിച്ച രഘു തന്നെ....നാട്ടിൽ പോലും പോകാത്ത പിശുക്കൻ എന്ന് പറഞ്ഞു
നമ്മൾ കളിയാക്കുന്ന രഘു തന്നെ...
ആൾ വലിയ സന്തോഷത്തിലാണു കേട്ടോ..?
ഗൾഫിൽ വന്നിട്ട് 12 വർഷം ആയെങ്കിലും ഒരു പ്രാവശ്യമേ നാട് കണ്ടിട്ടുള്ളു കക്ഷി.പിന്നെ പിശുക്കനെന്ന് വിളിയ്ക്കുന്നവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല കാരണം ഒരു പെപ്സിപോലും വാങ്ങി കുടിയ്ക്കില്ല ആരെങ്കിലും വാങ്ങികൊടുത്താൽ വിരോധവും ഇല്ല കേട്ടോ..!!!
എന്തൊക്കെയാണെങ്കിലും ആൾ മിടുക്കനാ, ഗൾഫിൽ വന്ന് ആദ്യ വെക്കേഷൻ പോയത് 7 കൊല്ലം മുമ്പ്, അന്ന് രണ്ട് സഹോദരിമാരുടെ കല്ല്യാണം നടത്തിയിട്ടാ വന്നത്, അച്ചൻ മരിച്ചതിനു ശേഷം കുടുംബഭാരം മുഴുവൻ രഘുവിന്റെ തലയിലായിരുന്നല്ലോ..
ഇപ്പോൾ വസ്സ് 34 ആയി ഇനി അൽപമുള്ള ബാങ്കു ബാലൻസുമായ് നാട്ടിൽ സെറ്റിലാകാനാ പരിപാടി..അതു മാത്രമല്ല വേറെയും ഉണ്ട് ചില വിശേഷങ്ങൾ..ആൾ കല്ല്യാണം കഴിക്കാൻ പോകുകയാ..രഘു നാട്ടിൽ ചെന്നതിനു ശേഷമേ പുതിയ വീട് പാൽ കാച്ചുകയുള്ളു എന്ന് ഒരേ വാശിയിലാത്രെ അമ്മയും സഹോദരങ്ങളും.
പെട്ടികെട്ട് തകൃതിയിൽ നടക്കുകയാണു എല്ലാ പേർക്കും രഘു സമ്മാനപൊതികൾ പ്രത്യേകം പ്രത്യേകം പായ്ക്കു ചെയ്തു വെയ്ക്കുന്നുണ്ടായിരുന്നു...എന്തായാലും ഈയൊരു വിഷയത്തിൽ മാത്രം യാതൊരു പിശുക്കും അവൻ കാണിച്ചിട്ടില്ല. പെട്ടികൾ അടയ്ക്കുന്നതിനു മുമ്പ് അത്തർ പൂശി അടയ്ക്കാൻ അവൻ പറയുന്നുണ്ടായിരുന്നു...എന്തിനാണന്നല്ലേ പെട്ടിതുറക്കുമ്പേൾ നല്ല അത്തർ മണം പരക്കണമത്രെ... ഇവന്റെയൊരു കാര്യം..!!!
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പേൾ അവന്റെ കണ്ണുനിറഞ്ഞു...!!!
എയർപ്പോർട്ടിൽ അനുജനും അമ്മാവനും അമ്മാവന്റെ മകനുമുണ്ടായിരുന്നു..സ്വന്തം നാട്... വീണ്ടും നാട് സ്വന്തമായതിന്റെ സന്തോഷം അവന്റെ മുഖത്ത് കാണാനുണ്ടായിരുന്നു...
രഘു അമ്മാവന്റെയും അനുജന്റെയും കുശലങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടിരിക്കെ..റ്റാറ്റാ സുമോ അവരെയും കൊണ്ട് നഗര വീഥികൾ പിന്നിട്ടുകൊണ്ടിരുന്നു.
അവനെന്തോ ഒരു ക്ഷീണം ..ശർദ്ദിക്കാൻ വരുന്നത് പോലെ..അത് യാത്രാ ക്ഷീണം കൊണ്ടാ ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ മാറും അമ്മാവൻ അവനെ സമാധാനിപ്പിച്ചു ..മുറുക്കാൻ പീടികയ്ക്ക് മുന്നിൽ വണ്ടി നിന്നു.
നാരങ്ങാ വെള്ളം കുടിച്ച ഉടനെ രഘു ശക്തിയായ് ചുമച്ചുകൊണ്ട് ശർദ്ദിച്ചു..അവൻ നെഞ്ചിൽ തടവി അമ്മാവനെ വല്ലാതെ നോക്കി...മുരളീ വണ്ടിയെട്ക്ക്...അടുത്തെവിടെയെങ്കിലും ഹോസ്പിറ്റൽ ഉണ്ടോയെന്ന് നോക്കാം..
രഘു ശ്വാസം ആഞ്ഞ് വലിയ്ക്കാൻ തുടങ്ങി...കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ച് എല്ലാവരെയും നോക്കി ..അമ്മേ...അവൻ ഞരങ്ങുന്നുണ്ടായിരുന്നു...അമ്മേ...!!!!!!!
അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു...ഒരു ഹൃദയ സ്തംഭനത്തിനു മുന്നിൽ അവൻ എല്ലാം ഉപേക്ഷിച്ചു പോയി...പുതിയ വീടും, കാറും, പുതിയ പെണ്ണുമെല്ലാം..
ബന്ധു ജനങ്ങൾ ഹോസ്പിറ്റലിലേക്ക് ഒഴുകി...ശവമെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയിൽ ആരംഭിച്ചു...ഹോസ്പിറ്റൽ ഫോർമ്മാലിറ്റികളൊക്കെ കഴിഞ്ഞ് അവന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള ആംമ്പുലൻസ് പുതിയ വീടിന്റെ മുന്നിലെത്തി...
ഗൃഹപ്രവേശനം കഴിഞ്ഞിട്ടില്ലാത്ത വീട്ടിലേക്ക് മൃതശരീരം കയറ്റുന്നതിനെ എല്ലാവരും എതിർത്തു...
ചങ്കുപൊട്ടി നിലവിളിക്കുന്ന അമ്മയുടെ കണ്ണുനീർ മകനെ നഷ്ടപ്പെട്ട സങ്കടമായ് ചിത്രീകരിക്കെ ...പുതിയ വീടിന്റെ മുറ്റത്തൊരുക്കിയ താൽക്കാലിക പന്തലിൽ രഘുവിന്റെ ശരീരം പൊതു ദർശനത്തിനു വെച്ചു.....
പതം പറഞ്ഞ് നാട്ടുകാർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.... എന്താ മനുഷ്യന്റെ ഒരു അവസ്ത
കുടുംബം രക്ഷപ്പെടുത്തിയോനാ...അവൻ അവന്റെ കടമകൾ നിറവേറ്റിയാ പേയത്..
ആ പെങ്കൊച്ച് രക്ഷപ്പെട്ടു ..കല്ല്യാണത്തിനു ശേഷമായിരുന്നെങ്കിലോ..? ഹൊ ഓർക്കാനേ വയ്യ.....
രഘുവിനു ഒരു നോക്ക് കാണാൻ കഴിയാതെപോയ അവന്റെ പുതിയ വീടും കാറും അടുത്ത അവകാശികൾക്കായ് കാത്ത് കിടക്കെ...
അവന്റെ ചേതനയറ്റ ശരീരത്തിനു പ്രവേശനം നിഷേധിച്ചെങ്കിലും ബന്ധുജനങ്ങൾക്കായ് കൊണ്ടു വന്ന പെട്ടികൾ അവന്റെ സ്വപ്നഗൃഹത്തിലിരുന്ന് അപ്പോഴും അത്തർ മണം പൊഴിയ്ക്കുന്നുണ്ടായിരുന്നു.
------------------------------------------------------------------------------------------------------
© മൻസൂർ ആലുവിള