Sunday, November 28, 2021

സന്തോഷ നിമിഷം

നമുക്ക് ചുറ്റുമുള്ളവരുടെ മുഖത്ത് വിരിയുന്ന 

തൃപ്തിയുടെ പുഞ്ചിരി , 

അതിനു കാരണം നമ്മൾ  ആവുക 

അതാണ്  

എൻ്റെ ഏറ്റവും വലിയ 

സന്തോഷ  നിമിഷം

Saturday, August 21, 2021

ഒരു സത്യം



ഒരാൾ നടന്നു നീങ്ങുമ്പോൾ അയാളുടെ നിഴലും അയാളുടെ കൂടെ വെളിച്ചം തീരും വരെ അയാളെ പിന്തുടരും ....

എഴുതിയ ഭാഗം ഒന്ന് കൂടി വായിച്ചു നോക്കി അയാൾ എഴുത്തു നിർത്തി എഴുന്നേറ്റു, അലക്ഷ്യമായ കിടന്ന മുടി കൈവിരലുകള്കൊണ്ട് മാടി ഒതുക്കി, കൂജയിലെ വെള്ളം ഗ്ലാസിൽ പകർന്നു ചുണ്ടോട് ചേർത്ത് ജനലരികിൽ കസേരയിലേക്ക് ചാഞ്ഞിരുന്നു.

വല്ലാത്ത ഒരു മരവിപ്പ്, 

"നമ്മൾ തിരക്കി ചെല്ലാതെ നമ്മളെ ആരും തിരക്കാത്ത പോലെ".. 

എല്ലവരും തിരക്കിലാണോ..?

 "നമ്മൾ തിരക്കി ചെല്ലാതെ തന്നെ നമ്മളെ തിരക്കുന്നവർ എത്ര പേരുണ്ട്" ഒന്ന് ലിസ്റ്റ് എടുത്തു നോക്കാം.. 

പേനയും പേപ്പറും എടുത്തു അയാൾ എഴുതാൻ തുടങ്ങി, 

ആ ലിസ്റ്റ് വളരെ ചെറുതായിരുന്നു 

എങ്കിലും ഒരു സത്യം അയാൾ തിരിച്ചറിഞ്ഞു ; 

നമ്മളെ തിരക്കി വരുന്നവർക്ക്  നമ്മൾ അത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്ന സത്യം 

മനസ്സിലും ചിന്തയിലും ഒത്തിരി തിരുത്തലുകൾ വരുത്താനുണ്ട് എന്ന സത്യം ഉൾകൊള്ളാൻ തീരുമാനിച്ചുകൊണ്ട് ഇനി മുന്നോട്ട് ....ഇപ്പോൾ  അല്പ്പം ആശ്വാസം തോന്നുന്നുണ്ട് ..

ദീർഘ നിശ്വാസം എടുത്തുകൊണ്ട്

അയാൾ  വീണ്ടും  തന്റെ എഴുത്തിന്റെ ലോകത്തേക്ക്  മടങ്ങി..

Monday, November 18, 2019

കവിത - മൗന സമ്മതം


















നിൻ ചിരിമഴയിൽ പൂത്ത പൂമൊട്ടുകൾ
പുതുമഴയിൻ പുതുമണമായ്
പൂവേ എന്നെ പുൽകുന്നു

മഴയിൽ ഈ കുളിർമഴയിൽ
നിൻ പിന്നിൽ നിഴലായ്
ഞാനും നനയുന്നു

തണൽ തേടി അലയും
നിൻ മൗനത്തിലും
കാതോർത്തു മഴയിൽ
പൊഴിയും മൊഴിമുത്തുകൾ
നിൻ ചിരിമുത്തുകൾ

ഈ മഴയിൽ എൻ സ്നേഹ മഴയിൽ
നനയാതെ നീ കാത്തൊരു
ഈറൻ നിലാവൊത്ത
നിൻ സമ്മതം
അറിയാതെ ഞാൻ കട്ടൊരി
നിൻ മൗന സമ്മതം

------------------------------------------------
രചന -മൻസൂർ ആലുവിള
ജിദ്ദഹ്  17/11/2019

Tuesday, October 1, 2019

കവിത - പറയാതെ പോയവർ




പറയാതെ പോയവർ, ചിലരുണ്ട്
പാതിയിൽ പറയാതെ പോയവർ  (2 )

വെളിച്ചത്തിൽ വിട്ടിട്ടുപോയവർ
ഇരുട്ടിന്നെ തേടി പോയവർ......

വരാം, കാത്തിരിക്കുക, വാക്കുകൾ
തന്നവർ താണ്ടിയോ ഏറെദൂരം .....

കാത്തിരുന്നു, കാത്തിരുന്നു എത്ര കാലം
വന്നില്ലവർ, പറയാതെ പോയവർ (2)

അറിയുന്നില്ലവർ ഈ ഹൃദയ നൊമ്പരം
അണയാ കാത്തിരിപ്പിൻ  ചുടു ജ്വാലകൾ

വെളിച്ചത്തിൽ വിട്ടിട്ടുപോയവർ
ഇരുട്ടിന്നെ തേടി പോയവർ....

പറയാതെ പോയവർ
പാതിയിൽ
പറയാതെ പോയവർ

.....................................................................................
രചന- മൻസൂർ ആലുവിള

Sunday, June 2, 2019

കവിത- തളിരായ്











മുകുളമായിരിക്കെ
കിന്നാരങ്ങൾ
എന്നെ ചുറ്റിപറന്നിരുന്നു

തളിരായിരിക്കയിൽ
എന്നെ പുഴുവരിച്ചിരുന്നു

പച്ചപ്പിൽ പുഴുക്കുത്ത്
എന്നെ നോവിച്ചിരുന്നു

മഞ്ഞക്കാമല പടരുന്നു
എൻ യവ്വനത്തിൻ മീതെ

ഇനി പഴുക്കും
പിന്നെ പൊഴിയും
അപ്പോൾ പിന്നെയും
എന്നെ പുഴുവരിക്കും

ഇത്രയും ഭയമെങ്കിൽ
വെറും പാഴ്‌വാക്കല്ലേ
നിൻ  ജന്മാന്തരങ്ങൾ

പുഞ്ചിരി നിറക്കു നിൻ
വദന കാന്തിയിൽ

നിൻ ഓർമച്ചെപ്പിലെ 
കൽപ്പക തുണ്ടുകൾ
പെറുക്കി മുന്നേറുക

പാറ്റി പാറിക്കുക നിന്നെ
പിന്നോട്ടടിക്കും
പുഴുക്കുത്തുകൾ

ഉയിർത്തെഴുന്നേൽക്കുക
തളിരായ് പുനർജ്ജനിക്കുക
നീ പിന്നെയും പിന്നെയും ....

....................................................................

രചന- മൻസൂർ ആലുവിള

കവിത - തളിരായ്


Monday, April 1, 2019

കവിത - പാൽ കൊതിയൻ

കാ കാ കാക്കമ്മേ 
ഒളിഞ്ഞു നോക്കണതെന്താണ് ?

കൂ കൂ കുയിലമ്മേ 
കൂകി പറക്കണതെങ്ങോട്ട് ?

മൂ മൂ പൂവാലി 
പാല് കറക്കാൻ വന്നോട്ടെ ?

മ്യാവ് മ്യാവ് പൂച്ചമ്മേ 
പാല് മറിക്കാൻ നോക്കല്ലേ ? 

അമ്മേ അമ്മേ എന്നമ്മേ 
പാല് കുടിക്കാൻ വന്നോട്ടേ !

ഞാൻ 
പാല് കുടിക്കാൻ വന്നോട്ടേ ......!

.........................................................................

രചന 
മൻസൂർ ആലുവിള.

Sunday, May 29, 2016

ഈയാംപാറ്റ

അടുക്കുവാൻ കൊതിച്ചിട്ടോടി അടുക്കവേ
നിൻ പ്രണയ ചൂടെന്നെ തളർത്തിയില്ല തെല്ലും

പ്രണയമല്ലിത് മരണമെന്നോതി
എനിക്ക് ചുറ്റും ഒരായിരംപേർ

എരിഞ്ഞടങ്ങുവാൻ എനിക്കേതു ഭയം
നാമൊന്നായ് തീരുമെന്നെന്നാൽ

നിന്നെ പുണരുവാൻ ഈ പുനർജനി
നിന്നിൽ  അലിയുവതേ സായൂജ്യം

വട്ടമിട്ടു പറക്കുന്നു നിനക്ക് ചുറ്റും
നിൻ പ്രേമമെന്നിൽ കനലായ് പടരുംവരെ
നിൻ പ്രേമമെന്നെ കനലായ് പുണരും വരെ
...............................................................................................

രചന.
മൻസൂർ ആലുവിള.