Friday, November 12, 2010

കഥ- "അത്തർ മണം പൊഴിയ്ക്കുന്ന പെട്ടികൾ"

ദേ...!!!
നിങ്ങളറിഞ്ഞില്ലേ, നമ്മുടെ രഘു നാട്ടിൽ പോകുന്നു..!!!
അതെ നിങ്ങളുദ്ദേശിച്ച രഘു തന്നെ....നാട്ടിൽ പോലും പോകാത്ത പിശുക്കൻ എന്ന് പറഞ്ഞു
നമ്മൾ കളിയാക്കുന്ന രഘു തന്നെ...
ആൾ വലിയ സന്തോഷത്തിലാണു കേട്ടോ..?
ഗൾഫിൽ വന്നിട്ട്‌ 12 വർഷം ആയെങ്കിലും ഒരു പ്രാവശ്യമേ നാട്‌ കണ്ടിട്ടുള്ളു കക്ഷി.പിന്നെ പിശുക്കനെന്ന് വിളിയ്ക്കുന്നവരെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല കാരണം ഒരു പെപ്സിപോലും വാങ്ങി കുടിയ്ക്കില്ല ആരെങ്കിലും വാങ്ങികൊടുത്താൽ വിരോധവും ഇല്ല കേട്ടോ..!!!

എന്തൊക്കെയാണെങ്കിലും ആൾ മിടുക്കനാ, ഗൾഫിൽ വന്ന് ആദ്യ വെക്കേഷൻ പോയത്‌ 7 കൊല്ലം മുമ്പ്‌, അന്ന് രണ്ട്‌ സഹോദരിമാരുടെ കല്ല്യാണം നടത്തിയിട്ടാ വന്നത്‌, അച്ചൻ മരിച്ചതിനു ശേഷം കുടുംബഭാരം മുഴുവൻ രഘുവിന്റെ തലയിലായിരുന്നല്ലോ..

ഇപ്പോൾ വസ്സ്‌ 34 ആയി ഇനി അൽപമുള്ള ബാങ്കു ബാലൻസുമായ്‌ നാട്ടിൽ സെറ്റിലാകാനാ പരിപാടി..അതു മാത്രമല്ല വേറെയും ഉണ്ട്‌ ചില വിശേഷങ്ങൾ..ആൾ കല്ല്യാണം കഴിക്കാൻ പോകുകയാ..രഘു നാട്ടിൽ ചെന്നതിനു ശേഷമേ പുതിയ വീട്‌ പാൽ കാച്ചുകയുള്ളു എന്ന് ഒരേ വാശിയിലാത്രെ അമ്മയും സഹോദരങ്ങളും.

പെട്ടികെട്ട്‌ തകൃതിയിൽ നടക്കുകയാണു എല്ലാ പേർക്കും രഘു സമ്മാനപൊതികൾ പ്രത്യേകം പ്രത്യേകം പായ്ക്കു ചെയ്തു വെയ്ക്കുന്നുണ്ടായിരുന്നു...എന്തായാലും ഈയൊരു വിഷയത്തിൽ മാത്രം യാതൊരു പിശുക്കും അവൻ കാണിച്ചിട്ടില്ല. പെട്ടികൾ അടയ്ക്കുന്നതിനു മുമ്പ്‌ അത്തർ പൂശി അടയ്ക്കാൻ അവൻ പറയുന്നുണ്ടായിരുന്നു...എന്തിനാണന്നല്ലേ പെട്ടിതുറക്കുമ്പേൾ നല്ല അത്തർ മണം പരക്കണമത്രെ... ഇവന്റെയൊരു കാര്യം..!!!

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പേൾ അവന്റെ കണ്ണുനിറഞ്ഞു...!!!

എയർപ്പോർട്ടിൽ അനുജനും അമ്മാവനും അമ്മാവന്റെ മകനുമുണ്ടായിരുന്നു..സ്വന്തം നാട്‌... വീണ്ടും നാട്‌ സ്വന്തമായതിന്റെ സന്തോഷം അവന്റെ മുഖത്ത്‌ കാണാനുണ്ടായിരുന്നു...

രഘു അമ്മാവന്റെയും അനുജന്റെയും കുശലങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ടിരിക്കെ..റ്റാറ്റാ സുമോ അവരെയും കൊണ്ട്‌ നഗര വീഥികൾ പിന്നിട്ടുകൊണ്ടിരുന്നു.

അവനെന്തോ ഒരു ക്ഷീണം ..ശർദ്ദിക്കാൻ വരുന്നത്‌ പോലെ..അത്‌ യാത്രാ ക്ഷീണം കൊണ്ടാ ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ മാറും അമ്മാവൻ അവനെ സമാധാനിപ്പിച്ചു ..മുറുക്കാൻ പീടികയ്ക്ക്‌ മുന്നിൽ വണ്ടി നിന്നു.

നാരങ്ങാ വെള്ളം കുടിച്ച ഉടനെ രഘു ശക്തിയായ്‌ ചുമച്ചുകൊണ്ട്‌ ശർദ്ദിച്ചു..അവൻ നെഞ്ചിൽ തടവി അമ്മാവനെ വല്ലാതെ നോക്കി...മുരളീ വണ്ടിയെട്ക്ക്‌...അടുത്തെവിടെയെങ്കിലും ഹോസ്പിറ്റൽ ഉണ്ടോയെന്ന് നോക്കാം..

രഘു ശ്വാസം ആഞ്ഞ്‌ വലിയ്ക്കാൻ തുടങ്ങി...കണ്ണുകൾ പുറത്തേയ്ക്ക്‌ തുറിച്ച്‌ എല്ലാവരെയും നോക്കി ..അമ്മേ...അവൻ ഞരങ്ങുന്നുണ്ടായിരുന്നു...അമ്മേ...!!!!!!!

അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു...ഒരു ഹൃദയ സ്തംഭനത്തിനു മുന്നിൽ അവൻ എല്ലാം ഉപേക്ഷിച്ചു പോയി...പുതിയ വീടും, കാറും, പുതിയ പെണ്ണുമെല്ലാം..

ബന്ധു ജനങ്ങൾ ഹോസ്പിറ്റലിലേക്ക്‌ ഒഴുകി...ശവമെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ തകൃതിയിൽ ആരംഭിച്ചു...ഹോസ്പിറ്റൽ ഫോർമ്മാലിറ്റികളൊക്കെ കഴിഞ്ഞ്‌ അവന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ടുള്ള ആംമ്പുലൻസ് പുതിയ വീടിന്റെ മുന്നിലെത്തി...

ഗൃഹപ്രവേശനം കഴിഞ്ഞിട്ടില്ലാത്ത വീട്ടിലേക്ക്‌ മൃതശരീരം കയറ്റുന്നതിനെ എല്ലാവരും എതിർത്തു...

ചങ്കുപൊട്ടി നിലവിളിക്കുന്ന അമ്മയുടെ കണ്ണുനീർ മകനെ നഷ്ടപ്പെട്ട സങ്കടമായ്‌ ചിത്രീകരിക്കെ ...പുതിയ വീടിന്റെ മുറ്റത്തൊരുക്കിയ താൽക്കാലിക പന്തലിൽ രഘുവിന്റെ ശരീരം പൊതു ദർശനത്തിനു വെച്ചു.....

പതം പറഞ്ഞ്‌ നാട്ടുകാർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു.... എന്താ മനുഷ്യന്റെ ഒരു അവസ്ത

കുടുംബം രക്ഷപ്പെടുത്തിയോനാ...അവൻ അവന്റെ കടമകൾ നിറവേറ്റിയാ പേയത്‌..
ആ പെങ്കൊച്ച്‌ രക്ഷപ്പെട്ടു ..കല്ല്യാണത്തിനു ശേഷമായിരുന്നെങ്കിലോ..? ഹൊ ഓർക്കാനേ വയ്യ.....

രഘുവിനു ഒരു നോക്ക്‌ കാണാൻ കഴിയാതെപോയ അവന്റെ പുതിയ വീടും കാറും അടുത്ത അവകാശികൾക്കായ്‌ കാത്ത്‌ കിടക്കെ...

അവന്റെ ചേതനയറ്റ ശരീരത്തിനു പ്രവേശനം നിഷേധിച്ചെങ്കിലും ബന്ധുജനങ്ങൾക്കായ്‌ കൊണ്ടു വന്ന പെട്ടികൾ അവന്റെ സ്വപ്നഗൃഹത്തിലിരുന്ന് അപ്പോഴും അത്തർ മണം പൊഴിയ്ക്കുന്നുണ്ടായിരുന്നു.

------------------------------------------------------------------------------------------------------
© മൻസൂർ ആലുവിള

Friday, October 1, 2010

കവിത - ശിഖരബന്ധനം

കാറ്റിലെ മഴ ഇലയുടെ കണ്ണുനീർത്തുള്ളി, ഇണയില...
കൊഴിഞ്ഞ പ്രിയന്നായ്പ്പൊഴിക്കുമശ്രുകണങ്ങൾ

കരിയിലക്കുരുവിയവൾ പറന്നെത്തി ചിക്കി -
ചികഞ്ഞിലയുടെ മരണമുറപ്പിച്ചു പറന്നകന്നു

തൻ പ്രിയന്നരുകിലണയാൻ ഇണയില കൊതിക്കുന്നു,
കണ്ണുനീർ പൊഴിക്കുന്നോരോ മഴയിലും. മഴതോർന്നിട്ടും
മന്ദമാരുതൻ തലോടിയിട്ടും കണ്ണുനീർ തോർന്നതില്ല

ഒടുവിൽ ശിഖരബന്ധനം അറുത്തെറിഞ്ഞവൾ
കാറ്റിൻ കരങ്ങളിൽ തൂങ്ങി പ്രാണൻ വെടിയും മുൻ
തൻ പ്രിയന്നുടെ മാറിൽ പതിച്ചു.

© മൻസൂർ ആലുവിള

Friday, July 16, 2010

ഒരേ ബീജം....

എഴുത്തെന്ന മോഹം പേനയിലൂടെ
പെറ്റൊരീ അക്ഷരക്കുരുന്നുകൾ
പേറ്റാട്ടിയായ്‌ വന്നൊരീ പേപ്പറമ്മ.
വെളിച്ചം പകർന്ന ബീജം.

ഉളിക്കു ശിലയിൽ പിറന്നവർ, നാരയത്തിനു
താളിയോലയിൽ പിറന്നവർ, പൂർവ്വികർ
അവരൊക്കയും നന്മവിതറിയവർ

പേനയ്ക്ക്‌ സ്ഥാനം പുതുയുഗത്തിൽ
പുർവ്വികർക്കൊപ്പം
ഒപ്പിന്നായ്‌ മാത്രം ഒതുക്കപ്പെട്ടവൻ

പിതാവ്‌ ഒന്നെങ്കിലും പിറന്നു കുരുന്നുകൾ
പല ജാതികൾ, പല വർണ്ണങ്ങൾ,
പല രൂപങ്ങൾ, ദേശനൊത്ത വടിവിൽ

അൽമാനിയിൽ പിറന്നവനാഞ്ഞു തുള്ളി
ഞാനാണുമുമ്പൻ, ആംഗലേയത്തിൽ
പിറന്നവൻ ആർത്തട്ടഹസിച്ചു ഞാനാണുവമ്പൻ
വന്മതിൽ തീർത്ത ഞാനാണു കേമനെന്ന്
ആവർത്തിച്ചു ചീനാക്കുരുന്നുകൾ

ഹീബ്രുവും, ഫ്രെഞ്ചും, അറബും, സ്പാനിഷും
കൂട്ടം കൂട്ടമായ്‌ ചേർന്നീ അവലോകനത്തിൽ

വെട്ടിപ്പിടിക്കാൻ വെമ്പുന്നവരറിയുന്നില്ല
പിറന്നതൊരേ ബീജത്തിൽ നിന്നെന്ന്...
നിറത്തിലും, രൂപത്തിലും വേർതിരിവെങ്കിലും
നമ്മുടെ നിണത്തിൻ നിറമതൊന്നെന്ന്.


© മൻസൂർ ആലുവിള

Friday, June 25, 2010

കവിത - മൂകസാക്ഷി


മാലോകരറിഞ്ഞ ഭാഗം

വർഷാന്ത്യ പരീക്ഷയിൽ വഴുതി വീണു
വർഷമായ്‌ മിഴികളിലശ്രു പെയ്തിറങ്ങി

അമ്മയുമച്ഛനും ചൊന്നതില്ലൊന്നും മകനെ-
മിഴി തുടയ്ക്കൂ.!! പ്രായമിനിയുമേറയുണ്ട്‌...

കാട്ടുതീ പടർത്തിയണഞ്ഞു പുലരി,
കയറിൽ കുടുങ്ങിയൊരപമാനഭാരത്തിൻ
അറിയാ കഥകളുമായ്‌..

വർഷാന്ത്യ പരീക്ഷയെ പഴിച്ചു പലരും
വാക്കുകളില്ലാതെയീ മൂകസാക്ഷിയും.

പട്ടടയിൽ എരിഞ്ഞമർന്നു, കാറ്റിൽ
പൊടിയായ്‌ പറന്നകന്നു...
നിമഞ്ജനം ചെയ്തു പുണ്യതീർത്ഥങ്ങളിൽ
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.

"പരീക്ഷയിൽ തോറ്റ്‌ അതിൽ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത സതീർത്ഥ്യന്റെ,,,,,ആത്മഹത്യയുടെ മറുപുറം തേടുന്നു ഈ മൂക സാക്ഷി.."

മാലോകരറിയാത്ത ഭാഗം

മൂകസാക്ഷി ഈയുള്ളവൻ അവരിരുവർക്കും.
മാറാല വീണ ഓർമ്മചെപ്പ്‌ തുറക്കട്ടെയൽപ്പം

അയലത്തെ മുല്ലവള്ളിയിൽ പടരും പ്രണയത്തിൻ
മുല്ലപ്പൂക്കൾ പെറുക്കിയീ മൂകസാക്ഷിയോടോതിയവൻ

മതിലുകളില്ലവർക്കു, മത ജാതികളും,
മാലോകരും തീർക്കും മതിലുമാത്രം
എതിർപ്പിൻ മതിലുമാത്രം

ആ ജാലകം തുറന്നടയും രാവുകളിൽ
ആയിരം കിനാവുകൾ അവർ നെയ്തെടുത്തു.

പഠിപ്പിൽ കേമിയാൾ പലകുറിയവനോട്‌
പരാജിതോരുടുള്ള വെറുപ്പോതിയിരുന്നത്രെ

വർഷാന്ത്യ പരീക്ഷയിലവൻ വഴുതി വീണു
വർഷമായ്‌ മിഴികളിലശ്രു പെയ്തിറങ്ങി

തേങ്ങലൊതുങ്ങില്ലവളെ കാണുംവരെ
ആശ്വാസ വാക്കിൻ രാവിന്നായ്‌ കാത്തിരുന്നു

തരണങ്ങൾ താണ്ടിയവനീ സാക്ഷിയില്ലാതെ
മുട്ടിയെത്രവിളിച്ചിട്ടും ജാലകം തുറന്നതില്ല
അവൾ തൻ പ്രേമ ജാലകം തുറന്നതില്ല.

കാട്ടുതീ പടർത്തിയണഞ്ഞു പുലരി,
കയറിൽ കുടുങ്ങിയൊരപമാനഭാരത്തിൻ
അറിയാ കഥകളുമായ്‌..

കണ്ണുനീർ ധാര വകഞ്ഞുമാറ്റിയീ-
സാക്ഷിയവളിലേക്കായ്‌ മിഴി നീട്ടും നേരം
കാണ്മാനില്ല കണ്ണുനീർ തുള്ളിയൊട്ടും
നിർവ്വികാരമാ ചെന്താമര....

സമർപ്പിച്ചില്ലവളൊരു കണ്ണുനീർത്തുള്ളിപോലും
കഴിഞ്ഞ യാമത്തിലെപ്പോഴോ തൻ
ജാലകത്തിൽ മുട്ടിയകന്നൊരാത്മാവിനായ്‌..

പട്ടടയിൽ എരിഞ്ഞമർന്നു, കാറ്റിൽ
പൊടിയായ്‌ പറന്നകന്നു...
നിമഞ്ജനം ചെയ്തു പുണ്യതീർത്ഥങ്ങളിൽ
തീയും കാറ്റും ബാക്കിവെച്ചതൽപ്പം.

---------------------------------------------
പണ്ടു ഞാനെഴുതാത്ത വരികളല്ലോ
ഇതെന്നിന്നലകൾതൻ സ്മൃതിയല്ലോ..!!!
---------------------------------------------
© മൻസൂർ ആലുവിള

Sunday, May 23, 2010

*ചുരത്തുനീ...*

മൺചിരാതിൻ കരിവെട്ടത്തിൽ
കത്തി തീരുന്നൊരീ വൈധവ്യം
ചിതയിൽ അലിഞ്ഞകന്ന സിന്ദൂരം.
ചിതലരിച്ച ചിന്തകൾ, ധാരയായ്‌ കാലത്തിൻ
ചാലുവെട്ടിയ ചുളിവുകളിലൂടൊഴുകുന്നു.

തുടക്കുകീ ഏകാന്തതയെ, ചുരത്തുനീ..
എത്രയോ നിനക്കായ്‌ ചുരത്തിയൊരീ..
അമ്മ വാര്‍ദ്ധക്യത്തിന്നായൽപം സ്നേഹ..
സംരക്ഷണത്തിൻ പാൽപ്പായസം.
© മൻസൂർ ആലുവിള

Friday, April 16, 2010

കവിത - മനസ്സിൻ താരാട്ട്‌...


മനസ്സിൻ താരാട്ട്‌...

ഞാൻ ഞാനെന്ന ബിന്ദുവീ ഭുതലത്തിൽ
അറിവിന്നായ്‌ അലയും കർമ്മയോഗി....

നിറഞ്ഞ ഫലത്തിന്നാൽ കൊമ്പുകുനിക്കും
ആപ്പിൾ മരം പോലെ ഉയർച്ചതൻ പടവുകൾ
കയറുമ്പോൾ ഭവ്യതയാൽ കുനിഞ്ഞ ശിരസ്സുത്തമം.

വിജയത്തിമർപ്പിലമരാതെ മനം
ദൈവത്തിന്ന് നന്ദിയർപ്പിക്കണം

ദൈവത്തിൻ അന്നന്നുള്ളന്നമളക്കയിൽ..
നമ്മെണ്ണവും ചേരുകില്ലയെങ്കിൽ..
പട്ടിണി തന്നെ മിച്ചം.

തൻപെരുമയെക്കുറിക്കും മൊഴികളൊഴിക്കും
തന്നടക്കം നന്ന്...കടന്ന പാതകൾ തീരെ
മറക്കരുതാ പടവുകൾ തീർന്നെന്നാലും

വെറുപ്പുകാട്ടരുതാരോടും പ്രത്യക്ഷത്തിൽ
വെറുത്തതെ കോപിക്കാതൊഴിഞ്ഞും..
കടമകൾക്കു ഫലം കാംഷിക്കാതെ
പക്വമാക്കിയ മനസ്സുത്തമം...

വീട്ടും വഴിയറിയാതെ വാങ്ങരുതെന്ന
മൊഴി കടത്തെ കുറയ്ക്കും..
മൊഴികളിൽ ഇണക്കും ശ്രുതികൾ
നിൻ ഗുണത്തെക്കുറിക്കും...

ഉയർന്നതെ നിനച്ചുഴച്ചെന്നാൽ
ഉയരങ്ങൾ നിന്നെ തേടിയെത്തും.

ഉയർച്ചയിൻ നെറുകിൽ സഹജീവിതൻ
കഷ്ടത്തെ..
കാണും കണ്ണുത്തമം, തിമിരത്തിലമരാതെ..

ഞാൻ.. ഞാനൊരു ബിന്ദുവീ ഭുതലത്തിൽ
മനസ്സിനെ താരാട്ടിയുറക്കേണ്ട മൊഴി.
-------------------------------------------------------വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
സ്നേഹപൂർവ്വം
© മൻസൂർ ആലുവിള

Tuesday, March 9, 2010

കവിത - കണ്ണിനെ പ്രണയിച്ച കൗമാരം

കവിത - കണ്ണിനെ പ്രണയിച്ച കൗമാരം


കണ്ണിനെ പ്രണയിച്ച കൗമാരം
ഇണങ്ങും
മനസ്സിനെത്തിരയും മധുശലഭം

രുചിഭേദങ്ങൾ തിരയും യവ്വനമേ
രതിസുഖ സാരേ പാടും രാവുകളെ...

മടുപ്പേറും മധ്യാഹ്ന തുരുത്തുകളിൽ
മറുകരതിരയും നാവികരെ...

തിരിവെട്ടമായ്ത്തീരും സായാഹ്നമതിൽ
തുളുമ്പിയ മിഴിപൂട്ടിയകലാൻ കൊതിച്ചവരേ..

ഓർമ്മയായ്‌ ഓരോ ചലനങ്ങളും
തീർത്തതും തീരാത്തതും ബാക്കിയായ്‌ .
ഒക്കെയും വെറുമോർമ്മയായീ..ഓർമ്മയായീ....


വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ


സ്നേഹപൂർവ്വം
© മൻസൂർ ആലുവിള

Friday, February 5, 2010

കവിത- എച്ചിലില

കവിത- എച്ചിലില


തൂശനില !!!  

വെട്ടിയടുക്കി തഴുകിത്തുടച്ചു
വിതാനിച്ചൂൺ മേശയിലായ്‌
ചൂടുമെരിവും രസരുചിഭേദങ്ങൾ
വന്നുപോകുന്നു പലകുറി

മധുരമേകി മടക്കിയടച്ചു
ബാക്കിയൽപ്പത്തോടൊപ്പം
ചവറ്റുകുട്ടയിലാ കലപിലയിലായ്‌
ഇപ്പോൾ ഞാൻ എച്ചിലില

കടിപിടി കൂടുമൊട്ടിയവയറുകൾക്കുമീ
തെരുവുനായ്ക്കൾക്കും നക്കിത്തീരുവോളം
ഞാനെച്ചിലില..നക്കിത്തീരുവോളം
ഞാനെച്ചിലില.... പിന്നെയോ..?


വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ

സ്നേഹപൂർവ്വം
© മൻസൂർ ആലുവിള

Tuesday, January 12, 2010

കവിത - ഗ്ലോബൽ വാർമ്മിങ്ങ്‌കവിത - ഗ്ലോബൽ വാർമ്മിങ്ങ്‌
അർക്കൻ തിരയുന്നവനുടെ ചെന്താമര പെണ്ണിനെ
കാട്ടിലും മേട്ടിലുമെവിടേയുമില്ലവൾ..ഹാ..കഷ്ടം !
കണ്ടുതപിച്ചവനവനുടെ പ്രിയതന്നഴുകിയ ജഡത്തെ
കലിയോടെ, തിരിച്ചറിഞ്ഞവനാ പാതകി മർത്ത്യനെന്ന്

അഴുക്കും, അമ്ലവും പുഴയിലൊഴുക്കിയൊടുക്കിയെൻ
പ്രേമതൽപ്പത്തിനെ, തീയായ്‌, കൊടും താപമായ്‌
പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
..ശാപം..ഇതു സൂര്യ ശാപം

വിഷപ്പുകയൂതും കുഴലുകൾ തീർത്തനീ
വിള്ളൽ തീർത്തെൻ കൺപോളയിൽ
മരമരിഞ്ഞു കാടൊടുക്കി മദിച്ച നീ
എന്തേ അറിഞ്ഞില്ല ?

വിള്ളൽ വീഴ്ത്തിയ കൺപോളക്ക്‌ പിന്നിലെൻ
ത്രിക്കണ്ണെന്ന്..തീയായ്‌, കൊടും താപമായ്‌
പതിക്കും ഞാൻ നിന്നിലും നിൻ തലമുറകളിലൊക്കയും
..ശാപം..ഇതു സൂര്യ ശാപം

കവിത ഇഷ്ടമായെങ്കിൽ...അഭിപ്രായം അറിയിക്കണം...


സ്നേഹപൂർവ്വം
© മൻസൂർ ആലുവിള...

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links

മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links